
കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി എത്തിയ കെ ജി എഫ് ഇന്ന് സൗത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. മലയാളം. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയി എത്തിയ ഈ ചിത്രം കേരളത്തിലും ഗംഭീര വിജയമാണ് നേടുന്നത്. കന്നഡയിലെ റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ് ആണ് ഈ ചിത്രത്തിലെ നായകൻ. യാഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ഈ ചിത്രത്തിന്റെ വിജയത്തോടെ കേരളത്തിലെ സിനിമാ പ്രേമികൾക്കിടയിലും യാഷ് ഏറെ പ്രിയങ്കരനായി മാറി കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ഡയലോഗ് പറയുന്ന യാഷിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
രാവണപ്രഭു എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലെ അദ്ദേഹം പറഞ്ഞ സവാരി ഗിരി ഗിരി എന്ന ട്രെൻഡ് സെറ്റെർ ഡയലോഗ് ആണ് യാഷ് ഈ വിഡിയോയിൽ പറയുന്നത്. അത് കൂടാതെ വിനീത് ശ്രീനിവാസൻ പാടി സലിം കുമാർ അഭിനയിച്ച പലവട്ടം കാത്തു നിന്നു ഞാൻ എന്ന ആൽബം ഗാനവും യാഷ് ആലപിക്കുന്നുണ്ട്. അടുത്തിടെ യാഷ് നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ ആണ്അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. കെ ജി എഫ് എല്ലാവരും കാണണം എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .