പരീക്ഷക്ക് എ പ്ലസും റാങ്കുകളും ഒക്കെ കിട്ടിയവരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇന്നീ വലിയ വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ അതിഥി ആയി എത്തിയ താൻ പന്ത്രണ്ടാം ക്ലാസും ഗുസ്തിയും ആണെന്ന് പറയുന്നു പൃഥ്വിരാജ്. താൻ സ്‌കൂൾ പഠനം പൂർത്തിയാക്കി കോളേജിൽ ചേരുകയും, എന്നാൽ അത് പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അത് നിർത്തി സിനിമയിൽ വരികയും ചെയ്തു എന്ന് പൃഥ്വിരാജ് ഓർത്തെടുക്കുന്നു. അതുകൊണ്ട് തന്നെ ഒരു അക്കാദമിക് കരിയർ തിരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് താൻ ഒരു നല്ല ഉദാഹരണം അല്ല എന്നും പൃഥ്വിരാജ് തുറന്നു പറയുന്നു. എന്തിനാണ് പരീക്ഷ എന്ന സിസ്റ്റം എന്നും അതിനു ഒരു പരീക്ഷ എന്നതിൽ കവിഞ്ഞു വലിയ പ്രാധാന്യം ജീവിതത്തിൽ ഇല്ല എന്നും പൃഥ്വിരാജ് പറയുന്നു.
നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ ദൗത്യങ്ങൾ നമ്മുക്ക് മുന്നിൽ വരും എന്നും അത് ഏറ്റവും നന്നായി പൂർത്തിയാക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം ആവേണ്ടത് എന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോൾ നന്നായി പഠിക്കുക എന്ന ദൗത്യത്തോടു കുട്ടികൾ കാണിച്ച ആറ്റിട്യൂട് ആണ് അവർക്കു മികച്ച വിജയം നേടി കൊടുത്തത് എന്നും ആ ആറ്റിട്യൂട് ആണ് തുടർന്നുള്ള ജീവിതത്തിലും ഓരോ ദൗത്യത്തിന് മുന്നിലും പുലർത്തേണ്ടത് എന്നും പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ മുന്നോട്ടു വെക്കുന്ന കരിയർ ഓപ്‌ഷനുകൾ കുറവാണു എന്നും അതിനു അപ്പുറം ഒരുപാട് സാദ്ധ്യതകൾ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടെന്നു ഏവരും മനസ്സിലാക്കണം എന്നും പൃഥ്വിരാജ് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ വലിയ വിജയം നേടാത്തവർക്കു താൻ ഇന്നിവിടെ അതിഥി ആയി നിൽക്കുന്നത് ഒരു പ്രചോദനം ആവട്ടെ എന്നും വലിയ വിജയങ്ങൾ നേടിയവർ സർട്ടിഫിക്കറ്റുകളും റാങ്കുകളും അല്ല ജീവിതത്തിൽ ഏറ്റവും വലുത് എന്ന തിരിച്ചറിവോടു കൂടി മുന്നോട്ടു പോയി ഇതിലും വലിയ വിജയങ്ങൾ നേടട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു.