പഞ്ചവർണ്ണതത്തയിലെ രണ്ടാം ഗാനവും പുറത്തിറങ്ങി. എം. ജയചന്ദ്രൻ ഈണം പകർന്ന് എം. ജി. ശ്രീകുമാറും പി. സി ജോജിയും ചേർന്നാലപിച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഹരിനാരായണനാണ് ഗാനത്തിന് വരികളെഴുതിരിക്കുന്നത്. ചിത്രത്തില ‘ പഞ്ചവർണ്ണതത്ത ‘ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ വാരം പുറത്തിറങ്ങിയിരുന്നു. ഹരിചരണ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഔസേപ്പച്ചൻ, നാദിർഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം യൂട്യുബിലും ഫേസ്ബുക്കിലുമായി പുറത്തിറങ്ങിയ ട്രെയ്‌ലർ, രണ്ടിലുമായി 15 ലക്ഷത്തോളം കാഴ്ച്ചക്കാരെ നേടി കുതിപ്പ് തുടരുകയാണ്. യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ് ആയാണ് ട്രെയ്‌ലറിപ്പോൾ തുടരുന്നത്. മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കുടുംബങ്ങളുടെ പ്രിയതാരം ജയറാം നായകനായി വലിയ തിരിച്ചു വരവ് നടത്തുന്ന ചിത്രം, ഒപ്പം കുഞ്ചാക്കോ ബോബനും പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറുമായി ഞെട്ടിച്ചു ജയറാം എത്തുമ്പോൾ, ആരാധകരും കാത്തിരിപ്പിലാണ്. ഇവരെ കൂടാതെ ചിത്രത്തിൽ അനുശ്രീ, ധർമജൻ, മല്ലിക സുകുമാരൻ, അശോകൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഹരി പി. നായരും രമേഷ് പിഷാരടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു നിർമ്മിച്ച കോമഡി ചിത്രമായ പഞ്ചവർണ്ണതത്ത, ചിരിപ്പിക്കുവാനായി വിഷുവിന് തീയറ്ററുകളിൽ എത്തും.