മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ഒരുപിടി നല്ല തിരക്കഥകൾ മലയാളികൾക്ക് സമ്മാനിച്ച സേതുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. അച്ചായൻസിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. റൊമാൻസ്, കോമഡി, ഫാമിലി തുടങ്ങിയവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. യുവാക്കൾക്ക് പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു കുട്ടനാട് ബ്ലോഗിലെ ടീസർ ഇന്ന് പുറത്തുവിടുമെന്ന് ഒരു പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ടീസർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. കുട്ടനാടിന്റെ ദൃശ്യ ഭംഗി നിറഞ്ഞു നിൽക്കുന്ന ടീസർ എന്ന് തന്നെ വിശേഷിപ്പിക്കാം. കുട്ടനാടൻ വള്ളംകളിയെ കേന്ദ്രികരിച്ചാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനം ടീസറിന് മുതൽ കൂട്ടായിരുന്നു. ശ്രീനാഥ് ശിവശങ്കരന്റെ പഞ്ചാത്തല സംഗീതം ഉടനീളം ടീസറിൽ മികച്ചു നിന്നു. പ്രതീക്ഷകളെ വീണ്ടും വാനോളം ഉയർത്തുന്ന ടീസർ തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ടീസറിന്റെ അവസാനം ഓണം റിലീസിന് ഔദ്യോഗികമായ സ്ഥിതികരണം അണിയറ പ്രവർത്തകർ നടത്തിയിട്ടുണ്ട്.
ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.