മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഷാജി എൻ. കരുൺ . മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘വാനപ്രസ്ഥം’ സിനിമയുടെ സംവിധായകൻ കൂടിയാണ് അദ്ദേഹം. 2013ൽ പുറത്തിറങ്ങിയ ജയറാം ചിത്രം സോപാനമായിരുന്നു ഷാജി എൻ. കരുൺ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 5 വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താൻ അദ്ദേഹം ഒരുങ്ങുകയാണ്. ഷെയ്ൻ നിഗം – എസ്‌തർ അനിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഓള്’ എന്ന ചിത്രവുമായിട്ടാണ് അദ്ദേഹം മുന്നോട്ട് വരുന്നത്. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്‌തറിന്റെ ആദ്യ നായിക വേഷം കൂടിയാണിത്. പ്രായപൂർത്തിയാകുന്നത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓള് സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
കടലും കായലും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യ അനുഭവമാണ് ടീസറിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നത്. ടീസറിലെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു. കടലിന്റെ അടിയിൽ ജീവിക്കുന്ന ജലകന്യകയെപോലെ തോന്നുന്ന ഒരു കഥാപാത്രമായാണ് എസ്‌തർ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഷെയ്ൻ ഒരേ സമയം രണ്ട് പ്രണയം കൊണ്ടു നടക്കുന്ന ചിത്രകാരനായി ടീസറിൽ കാണാൻ സാധിക്കും. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ഒരു വ്യത്യസതമായ അവതരണമാണ് സംവിധായകൻ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാർ, എസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ടി. ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എം.ജെ രാധാകൃഷ്ണനാണ്. ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ. വി. എ പ്രൊഡക്ഷന്റെ ബാനറിൽ അനൂപാണ് ചിത്രം നിർമ്മിക്കുന്നത്.