നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രത്തിന്റെ ടീസർ പുറത്ത്. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ‘പിട്ട കാതലു’ എന്നാണ് പേരിട്ടിരിക്കുന്നത്. നാല് സ്ത്രീകളുടെ പ്രണയ – വിരഹ യാത്രകളുടെ കഥ പറയുന്ന ‘പിട്ട കാതലു’ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ, നന്ദിനി റെഡ്‌ഡി, സങ്കല്പ റെഡ്‌ഡി, തരുൺ ഭാസ്കർ എന്നിവർ ചേർന്നാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് പുറത്ത് വിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. പ്രണയം,ലൈംഗികത,റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 19 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.യൂട്യൂബിൽ റിലീസ് ചെയ്ത ഈ തെലുങ്ക് ആന്തോളജി ചിത്രത്തിന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കഴിഞ്ഞ മാസം തമിഴ് ആന്തോളജി ചിത്രമായ ‘പാവ കഥൈകള്‍’ നെറ്റ്ഫ്ളിക്‌സ് റിലീസ് ചെയ്‌തിരുന്നു. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്‌ത നാല് സിനിമകളായിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രന്‍, സായി പല്ലവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.