ലോക പ്രശസ്ത ഗായകനും നർത്തകനുമായിരുന്നു പോപ്പ് മ്യൂസിക് ഇതിഹാസം മൈക്കിൾ ജാക്സൺ ആയിരുന്നു ബ്രേക്ക് ഡാൻസ് എന്ന നൃത്ത ശൈലിയുടെ ലഹരിക്ക് തിരി കൊളുത്തിയത്. ആ ലഹരിയിലേക്ക് സ്വയമെടുത്ത് ചാടിയ കൗമാരങ്ങളുടെ കഥ പറയുന്ന ഒരു മലയാള ചിത്രം ഉടൻ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മൂൺ വാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനൊരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. അതിന്റെ ഭാഗമായി ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ മൈക്കിൾ ജാക്‌സൻറെ ഓർമദിനമായ ജൂൺ 25 നു, മലയാളത്തിലെ യുവ താരം നിവിൻ പോളി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഫയർ വുഡ് ഷോസിന്റെ ബാനറിൽ നിർമ്മിച്ച്, 1980- 90 കളുടെ പശ്ഛാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രമുഖ പരസ്യ ചിത്ര സംവിധായകനായ എ.കെ. വിനോദാണ്. സംവിധായകനായ എ.കെ. വിനോദിനൊപ്പം, സുനിൽ ഗോപാലകൃഷ്ണൻ, മാത്യൂ വർഗ്ഗീസ് എന്നിവരും കൂടി ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അതുപോലെ തന്നെ പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ഇഷ്ഖ് എന്ന മലയാള ചിത്രത്തിന് ശേഷം അൻസാർ ഷാ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് മൂൺവാക്ക്. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കലാ സംവിധാനം ചെയ്തിരിക്കുന്നത് സാബു മോഹനും വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണനും ആണ്. അതുപോലെ മൂൺ വാക്കിനു വേണ്ടി ശബ്ദ സംവിധാനം ചെയ്തത് രംഗനാഥ് രവിയും നൃത്ത സംവിധാനം നിർവഹിച്ചത് ശ്രീജിത് ഡാസ്സ്ലേഴ്സുമാണ്. ആമേൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നൃത്ത സംവിധായകൻ ആണ് ശ്രീജിത്ത്. ശ്രീകാന്ത് മുരളി, മീനാക്ഷി, വീണാ നായർ, മിനി ഐ.ജി, എന്നീ പ്രമുഖ താരങ്ങളും, ഒപ്പം നൂറോളം പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം ഇത്രയധികം പുതുമുഖങ്ങൾ തിരശ്ശീലയിൽ വരുന്നു എന്ന പ്രത്യേകതയും മൂൺ വാക്കിനുണ്ട്. പ്രശാന്ത് പിള്ള ഈണം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ മനോരമ മ്യൂസിക്ക് ഉടൻ റിലീസ് ചെയ്യും.