
മലയാള സിനിമയുടെ സൂപ്പർ താരവും ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറുമായ മോഹൻലാൽ പുറത്തു വിട്ട തന്റെ പുതിയ വർക് ഔട്ട് വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ആരോഗ്യകരമായ ജീവിത രീതിയും വ്യായാമവും നമ്മുടെ ശീലമാക്കണം എന്ന സന്ദേശം ഏവർക്കും നൽകിക്കൊണ്ടാണ് അദ്ദേഹം ഈ പ്രചോദനകരമായ വർക് ഔട്ട് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഏകദേശം മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ തന്റെ പരിശീലകനൊപ്പം വർക് ഔട്ട് ചെയ്യുന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ് മോഹൻലാൽ പുറത്തു വിട്ടിരിക്കുന്നത്. ഈ വർഷം അറുപത്തിയൊന്നു വയസ്സു തികയുന്ന മോഹൻലാൽ ഒരു മുപ്പതുകാരന്റെ ചുറുചുറുക്കോടെയും മെയ് വഴക്കത്തോടെയുമാണ് വ്യായാമം ചെയ്യുന്നത് എന്നത് അത്ഭുതകരമായ കാര്യമാണ്. കൂടുതൽ ചെറുപ്പമായി കാണപ്പെടുന്ന മോഹൻലാൽ ദിവസവും വർക് ഔട്ട് ചെയ്യാൻ സമയം കണ്ടെത്തുന്ന വ്യക്തി കൂടിയാണ്. ദൃശ്യം 2 എന്ന ചിത്രത്തിന് വേണ്ടി ഏറെ ശരീരഭാരം കുറച്ചു പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അറുപതാം വയസ്സിലും ഡ്യൂപ്പ് ഉപയോഗിക്കാതെ സാഹസികമായ സംഘട്ടന രംഗങ്ങൾ ചെയ്യുന്ന മോഹൻലാൽ ആണ് തങ്ങൾ ഒപ്പം ജോലി ചെയ്തിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച രീതിയിൽ ആക്ഷൻ ചെയ്യുന്ന താരമെന്നു ഒട്ടേറെ പ്രശസ്ത സംഘട്ടന സംവിധായകർ പരസ്യമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇരുപത് വയസ്സ് തികയുന്നതിന് മുൻപ് തന്നെ സംസ്‌ഥാന ഗുസ്തി ചാമ്പ്യൻ ആയിട്ടുള്ള മോഹൻലാൽ സിനിമക്ക് വേണ്ടി കളരി പയറ്റു, മാർഷ്യൽ ആർട്‌സ് എന്നിവ പലപ്പോഴായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോൾ ആക്ഷനും കോമെഡിക്കും പ്രാധാന്യം നൽകി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/3606110399444630