മലയാള സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന പല നായകന്മാരും സംവിധായകരും തങ്ങളുടെ കഴിവ് ആദ്യം തെളിയിച്ചത് ഹ്രസ്വ ചിത്രങ്ങളിലൂടെയായിരുന്നു. വളരെ ചെറിയ ദൈർഘ്യം മാത്രമുള്ള ഹ്രസ്വ ചിത്രങ്ങളിൽ ഒരുപാട് പുതുമയാർന്ന വിഷങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി മുന്നേറുന്ന ഹ്രസ്വ ചിത്രമാണ് ‘അഡൾട്ട്’. ഒപ്പം, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ മീനാക്ഷി ഹ്രസ്വ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായിയെത്തുന്നു. സംവിധായകനായും അഭിനേതാവായും മലയാള സിനിമയിൽ കഴിവ് തെളിയിച്ച ബോബൻ സാമുവലും പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
അഘോഷ് വൈഷ്ണവമാണ് അഡൾട്ട് സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിൽ നിന്നും കേരളത്തിലെത്തുന്ന അച്ഛന്റെയും മകളുടെയും ഒരു ദിവസത്തിൽ നടക്കുന്ന കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രമാണ് അഡൾട്ട്. മകളുടെ ജീവിതത്തിൽ ഒരു അച്ഛന്റെയും അമ്മയുടെയും സ്ഥാനവും പ്രാധാന്യവും ഈ ഷോര്ട്ട് ഫിലിം ചൂണ്ടിക്കാട്ടി തരുന്നു. ബോബൻ സാമുവലിന്റെ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നു. മീനാക്ഷിയും തന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപാങ്കുരനാണ്. തിരക്കഥ രചിച്ചിരിക്കുന്നത് മനുവാണ്. ഛായാഗ്രഹണവും കഥയും ഒരുക്കിയിരിക്കുന്നത് അഘോഷ് തന്നെയാണ്.