അറബി പറയാൻ ടർബോ ജോസ്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ എന്ന മെഗാ മാസ് ആക്ഷൻ ചിത്രത്തിൻ്റെ അറബി പതിപ്പ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ അറബി ടീസർ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണിപ്പോൾ. സൂപ്പർഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മെയ് 23 ന് റിലീസ് ചെയ്ത ഇതിൻ്റെ മലയാളം പതിപ്പ് ഇതിനോടകം 80 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് 35 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ഗ്രോസ്സ്.

വമ്പൻ മുതൽ മുടക്കിൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗദിയിൽ ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും വലിയ ഗ്രോസ് നേടിയ ടർബോയുടെ അറബി പതിപ്പും അവിടെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിച്ച ചിത്രമായ ടർബോയിൽ വില്ലനായി എത്തിയത് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയാണ്. ഇവരെ കൂടാതെ തെലുങ്ക് നടൻ സുനിൽ, മലയാള താരം ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിച്ച അഞ്ചാം ചിത്രമായ ടർബോ ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close