മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോളിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയിലിലും പരോളിലും ആയി കഴിയുന്ന സഖാവ് അലക്സ് എന്ന വ്യക്തിയുടെ കഥപറയുന്ന ചിത്രം. ഒരു മലയോര കർഷകന്റെ ജീവിതവും രാഷ്ട്രീയവും അവതരിപ്പിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തു വിട്ടു. ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നെ പിണങ്ങല്ലേ എന്ന ഒരൊറ്റ ഗാനത്തിലൂടെ ശ്രദ്ധേയനായ അരിസ്റ്റോട്ടിൽ സുരേഷ് ആണ് ഗാനം രചിച്ചു സംഗീതം നൽകി പാടിയിരിക്കുന്നത്. പരോൾ കാലം എന്ന് തുടങ്ങുന്ന ഗാനം പരോളിന് പുറത്തിറങ്ങുന്ന അലക്സിന് സഹ തടവുകാർ നൽകുന്ന യാത്രയയപ്പ് കാണിക്കുന്നു.
ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്ന അരിസ്റ്റോട്ടിൽ സുരേഷും ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. തടവിൽ കഴിയുന്ന അലക്സ് സഹ തടവുകാർക്ക് കൂടി പ്രിയങ്കരൻ ആണ്. നാളുകൾക്ക് ശേഷം പരോൾ ലഭിക്കുന്ന അലെക്സിന് ജയിലിനു പുറത്തേക്ക് യാത്രയയപ്പ് നടത്തുന്നതാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജയിൽ വാർഡൻ കൂടി ആയ അജിത് പൂജപ്പുര തിരക്കഥ എഴുതിയ ചിത്രം യഥാർത്ഥ സംഭവങ്ങളെ കൂടി ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ഡിക്രൂസ് നിർമ്മിച്ച ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ 5 നു തീയറ്ററുകളിലേക്ക് എത്തുന്നു.