നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രമാണ്. വലിയ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ഈ ചിത്രം ഇതിന്റെ അസാധാരണമായ അവതരണ ശൈലി കൊണ്ടും ആഴമേറിയ പ്രമേയം കൊണ്ടുമാണ് ശ്രദ്ധ നേടുന്നത്. പ്രേക്ഷകർക്ക് ഇതുവരെ ലഭിക്കാത്ത ഒരു സിനിമാനുഭവം സമ്മാനിക്കാൻ സാധിക്കുന്നു എന്നതാണ് മഹാവീര്യറിനെ ഒരു ക്ലാസിക് ആക്കി മാറ്റുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ഉയർന്ന സാങ്കേതിക മികവും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കി. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ് ഇഷാൻ ഛബ്ര ഇതിനു വേണ്ടിയൊരുക്കിയ സംഗീതം.
മനോഹരമായ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമാണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിലെ അതിമനോഹരമായ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ നാളുകൾക്കു ശേഷം മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ മധുരം നിറക്കുന്ന ഒരു ക്ലാസിക്കൽ ഗാനമാണ് മഹാവീര്യറിലെ മധുകര എന്ന ഗാനം. ഈ ഗാനത്തിന്റെ ഫുൾ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കെ എസ് ഹരിശങ്കർ ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. കാവ്യാത്മകമായ വരികളോടൊപ്പം ഇഷാൻ ഛബ്രയുടെ സംഗീതവും ഹരിശങ്കറിന്റെ മനോഹരമായ ശബ്ദവും കൂടി ചേർന്നപ്പോൾ ആസ്വാദകരുടെ മനസ്സിൽ തൊടുന്ന ഗാനമായി ഇത് മാറിയിട്ടുണ്ട്. മികച്ച രീതിയിലാണ് എബ്രിഡ് ഷൈൻ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നതും.