
മലയാളത്തിൽ നവ തരംഗമാണ് ഇപ്പോൾ. താരങ്ങൾക്ക് പകരം വ്യത്യസ്ഥമായ സിനിമകൾ പ്രേക്ഷകർ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ഒട്ടേറെ പുതുമുഖ ചിത്രങ്ങൾ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. വലിയ താരങ്ങൾ ഇല്ലാതെ സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കാം എന്ന് ഈ വർഷം റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയ, ക്വീൻ തുടങ്ങിയ ചിത്രങ്ങൾ തെളിയിച്ചു.
ഈ കൂട്ടത്തിലേക്കാണ് ഈ4 എന്റർടൈന്മെന്റ് ഒരുക്കുന്ന പുതിയ ചിത്രം ലില്ലി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചു. മികച്ച പ്രതികരണമാണ് ലില്ലിയുടെ ടീസറിന് ലഭിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലാണ് ലില്ലി ടീസർ എത്തിയിരിക്കുന്നത്.
പുതുമുഖ ചിത്രമായിരുന്നിട്ടും ഒറ്റ ടീസർ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ലില്ലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ഒരുക്കുന്ന ചിത്രമാണ് ലില്ലി.
ത്രില്ലർ മൂഡിൽ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രശോഭ് വിജയൻ ആണ്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.