കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നു കഴിഞ്ഞു റിലീസ് ആയ ആദ്യ വലിയ മലയാള ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ഇന്നലെ രാത്രി മുതൽ ഗൾഫിലും ഇന്ന് രാവിലെ മുതൽ കേരളത്തിലും പ്രദർശനമാരംഭിച്ച ഈ ചിത്രം മലയാളം കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എത്തിയത്. ടീസർ, ട്രൈലെർ എന്നിവയിലൂടെയും വമ്പൻ പ്രമോഷൻ രീതികളിലൂടെയും വലിയ ഹൈപ്പാണ് ചിത്രം ഉഉണ്ടാക്കിയത്.
ആ പ്രതീക്ഷകളോട് ചിത്രത്തിന് നീതി പുലർത്താൻ സാധിച്ചോ എന്നതാണ് പലർക്കും അറിയേണ്ടത്. ട്വിറ്റർ, ഫേസ്ബുക് എന്നിവയിലൂടെയൊക്കെ വന്ന ആദ്യ പ്രതികരണങ്ങൾ സമ്മിശ്രമാണ്. ചിത്രം നല്ല അനുഭവം സമ്മാനിച്ചു എന്ന് പറയുന്നവരും പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല എന്ന് പറയുന്നവരും ഉണ്ട്. ചിത്രം മാസ്സ് അല്ല ക്ലാസ് ആണ് എന്ന് പറയുന്നവരും അമിത പ്രതീക്ഷയില്ലാതെ പോയാൽ ഒന്ന് കണ്ടിരിക്കാം എന്ന് പറയുന്നവരുമാണ് കൂടുതൽ എന്ന് പറയാം. ഷൈൻ ടോം ചാക്കോക്കും ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ സുഷിൻ ശ്യാമിനും വലിയ അഭിനന്ദനം ലഭിക്കുമ്പോൾ ദുൽഖർ, ഇന്ദ്രജിത് എന്നിവരും മികച്ചു നിന്നു എന്നഭിപ്രായപ്പെടുന്നവരെയും നമ്മുക്ക് കാണാൻ സാധിക്കും. ഏതായാലും ശരാശരിക്കോ അതിനു മുകളിലോ നിൽക്കുന്ന ഒരു തീയേറ്റർ അനുഭവം സമ്മാനിക്കാൻ കുറുപ്പിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പ്രേക്ഷകർ എങ്ങനെ ഈ ചിത്രത്തെ സ്വീകരിക്കും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും.