
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തുന്ന ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിശയകരമായ ദൃശ്യങ്ങൾ, തീവ്രമായ ആക്ഷൻ, വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ ഉൾപ്പെടുന്ന ശ്കതമായ താരനിര എന്നിവയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ടീസറിന്റെയും ഹൈലൈറ്റ്.
ആദ്യ ഷോട്ട് മുതൽ തന്നെ തീവ്രമായ ഭക്തി, ആക്ഷൻ, നാടകീയത എന്നിവയുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഈ ടീസറിൽ തിന്നാടു എന്ന നായക കഥാപാത്രമായി വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ചിരിക്കുന്നു. ശിവന്റെ ആത്യന്തിക ഭക്തനായി പരിവർത്തനം ചെയ്യുന്ന, നിർഭയ യോദ്ധാവായി മാറിയ കഥാപാത്രമാണ് തിന്നാടു. അക്ഷയ് കുമാർ ശിവനായും മോഹൻലാൽ കിരാതനായും വേഷമിടുന്നു. മറക്കാനാവാത്ത ഒരു സിനിമാ അനുഭവത്തിന് വേദിയൊരുക്കിക്കൊണ്ട് പ്രഭാസാണ് രുദ്രയായി അഭിനയിക്കുന്നത്. കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരുടെ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇടിമുഴക്കത്തോടെയുള്ള പശ്ചാത്തലസംഗീതവും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും ഉള്ള കണ്ണപ്പ, വൈകാരികവും എന്നാൽ ആക്ഷൻ നിറഞ്ഞതുമായ ഒരു യാത്രയാണ് സമ്മാനിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. പുരാണങ്ങളെ അതിശയകരമായ വിഷ്വൽ ഇഫക്റ്റുകളുമായി സംയോജിപ്പിച്ചു കൊണ്ട്, ശക്തമായ സംഭാഷണങ്ങളും വൈകാരിക സ്പന്ദനങ്ങളും ഉൾപ്പെടുത്തി ചിത്രം വലിയ സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായി അത് മാറുമെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്.
കണ്ണപ്പ ഒരു കഥയേക്കാൾ കൂടുതലായി, വിശ്വാസത്തിനും ഭക്തിക്കും പരിവർത്തനത്തിന്റെ ശക്തിക്കും ഉള്ള ആദരവാണ് എന്നും, ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന വിധത്തിൽ ഈ ഐതിഹാസിക കഥയെ ജീവസുറ്റതാക്കാൻ ഓരോ ഫ്രെയിമും സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും സംവിധായകൻ മുകേഷ് കുമാർ സിങ് പറയുന്നു. കണ്ണപ്പയുടെ മഹത്വം ലോകം അനുഭവിക്കുന്നതിലുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം തന്റെ ഹൃദയത്തോട് അവിശ്വസനീയമാംവിധം അടുത്തിരിക്കുന്നു എന്ന് പറഞ്ഞ വിഷ്ണു മഞ്ചു, പലപ്പോഴും പുരാണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു ചരിത്രകഥയ്ക്ക് ഇത് ജീവൻ നൽകുന്നു എന്നും, ശിവന്റെ അനുഗ്രഹത്താൽ, അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ മുതൽ അവിശ്വസനീയമായ താരനിര വരെ എല്ലാം ശരിയായി വന്നു എന്നും വെളിപ്പെടുത്തി.
കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം സമ്മാനിക്കുക. 2025 ഏപ്രിൽ 25ന് ലോകമെമ്പാടും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.