ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭൻ എന്നാണ് കമൽ ഹാസൻ അറിയപ്പെടുന്നത്. ഉലക നായകനായ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ കുറവ്. നടനും സംവിധായകനും നിർമ്മാതാവും രചയിതാവും ഗായകനും എല്ലാമായി സിനിമയിൽ കമൽ ഹാസൻ തിളങ്ങാത്ത മേഖലയില്ല. ഒരു സിനിമയിൽ തന്നെ ഇത്തരം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. അങ്ങനെ ഒരു ചിത്രത്തിൽ തന്നെ പത്തു വ്യത്യസ്ത വേഷങ്ങൾ ചെയ്തു അദ്ദേഹം വിസ്മയിപ്പിച്ച സിനിമയാണ് ദശാവതാരം. വ്യത്യസ്ത ലുക്കും ശബ്ദവും ഉള്ള പത്തു കഥാപാത്രങ്ങൾക്ക് ആണ് അദ്ദേഹം ആ ചിത്രത്തിൽ ജീവൻ നൽകിയത്. അതിൽ സ്ത്രീ കഥാപാത്രം മുതൽ അന്യ ദേശക്കാരുടെ കഥാപാത്രങ്ങൾ വരെ അദ്ദേഹം അവതരിപ്പിച്ചു. ഇപ്പോഴിതാ ഒരു ചാനൽ ഇന്റർവ്യൂവിൽ ആ പത്തു കഥാപാത്രങ്ങളുടെയും ശബ്ദങ്ങൾ ഒന്നര മിനിറ്റിൽ ലൈവ് ആയി അവതരിപ്പിച്ചു വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ ഇതിഹാസ നായകൻ.
വികടന് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ കാഴ്ച വെച്ച ഈ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നേരത്തെ പ്ലാൻ ചെയ്യാതെ, തയ്യാറെടുപ്പുകൾ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം ഇത് അവതരിപ്പിച്ചത് എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യൻ സിനിമയിൽ തന്നെ സൗണ്ട് മോഡുലേഷനിൽ തന്നെ വെല്ലാൻ മറ്റൊരാളില്ല എന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചു തരികയാണ് ഈ മഹാനടൻ. ഇപ്പോൾ ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ ആണ് കമൽ ഹാസൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 2008 ഇൽ റിലീസ് ചെയ്ത ദശാവതാരത്തിൽ രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ്ജ് ബുഷ്, അവതാർ സിങ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ, ഷിങ്ഹെൻ നരഹാസി, ക്രിഷ്ണവേണി, വിൻസെന്റ് പൂവരാഗൻ, കല്ഫുള്ള മുക്താർ, ബൽറാം നായിഡു എന്നീ വ്യത്യസ്ത രൂപഭാവങ്ങളിൽ ഉള്ള കഥാപാത്രങ്ങളെ ആണ് അദ്ദേഹം അവതരിപ്പിച്ചത്.
വീഡിയോ കടപ്പാട്: സിനിമ വികടൻ