മലയാളത്തിലെ മഹാനടമാരിൽ ഒരാളായിരുന്ന കലാഭവൻ മണി കുറച്ചു വർഷങ്ങൾക്കു മുൻപാണ് നമ്മളെ വിട്ടു പോയത്. നടനും മിമിക്രി കലാകാരനും ഗായകനുമൊക്കെയായ മണിയെ മലയാളികൾ ഇന്നും ഏറെ സ്നേഹിക്കുന്നു. ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട കലാഭവൻ മണി എന്ന കലാകാരൻ സിനിമയിൽ വരുന്നതിനു മുൻപ്, ഇന്നേക്ക് 28 വർഷം മുൻപുള്ള എടുത്ത അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കലാഭവൻ മണിയുടെ അനുജനായ രാമകൃഷ്ണനാണ് ഇപ്പോഴേ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടിരിക്കുന്നത്. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ, ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് A V Mഉണ്ണി സാറാണ്. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ.
കൊടിയ ദാരിദ്ര്യമനുഭവിച്ച ബാല്യത്തിൽ നിന്നും ഉയർന്നു വന്ന കലാകാരനായിരുന്നു മണി. ആദ്യം നാടൻ പാട്ടുകൾ പാടിയും പിന്നീട്‍ മിമിക്രി കലാകാരനായി കൊച്ചിൻ കലാഭവനിലും എത്തിയ മണി അധികം വൈകാതെ സിനിമയിലും എത്തി. ഹാസ്യ നടനായി ചെറിയ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി, പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മണി മാറി. പിന്നീട് സഹനടനായും വില്ലനായും നായകനായും അഭിനയിച്ച മണി മലയാളത്തിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളുമായി മാറി. തന്റെ സ്വതസിദ്ധമായ നീട്ടിയുള്ള ചിരിയിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച മണിയുടെ ആ ചിരി, ഇന്നും ഓരോ മലയാളികളുടെ മനസ്സിലും ഒരു മണിക്കിലുക്കമായി മുഴങ്ങുന്നു.