കഴിഞ്ഞ ദിവസമാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന ബേസിൽ ജോസെഫ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ കിട്ടിയ മലയാള സിനിമാ ട്രൈലെർ എന്ന റെക്കോർഡ് ദൃശ്യം 2 ട്രെയ്ലറിനെ മറികടന്നു മിന്നൽ മുരളി ട്രൈലെർ നേടി. ഇപ്പോഴിതാ ഈ ട്രൈലെറിൽ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ കണ്ടു പിടിക്കുകയാണ് സോഷ്യൽ മീഡിയ. മുരളി എന്ന ടോവിനോ കഥാപാത്രത്തിന് മിന്നൽ ഏൽക്കുകയും അതിനെ തുടർന്ന് അതിവേഗതയിൽ പായാനുള്ള ശക്തി ലഭിക്കുകയുമാണ് ചെയ്യുന്നത് എന്നത് ട്രൈലെർ കാണിച്ചു തരുന്നുണ്ട് എങ്കിലും, അതിനും അപ്പുറം ചില ശക്തികൾ കൂടി ഈ കഥാപാത്രത്തിന് ലഭിക്കുന്നുണ്ട് എന്നതും ട്രൈലെറിൽ നിന്ന് നമ്മുക്ക് മനസിലാക്കാം. അതിലൊന്നാണ് ഏറ്റവും ചെറിയ ശബ്ദങ്ങൾ പോലും കേൾക്കാനുള്ള കഴിവ്. മിന്നൽ ഏറ്റതിനു ശേഷം, ടോവിനോ കഥാപാത്രം ക്ലോക്കിന്റെ ടിക് ടിക് മുതൽ, ടാപ്പിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം വരെ വലുതായി കേൾക്കുകയും അതിനെ തുടർന്ന് തന്റെ മുഖം വെള്ളത്തിൽ മുക്കുകയും ചെയ്യുന്ന രംഗം നമ്മുക്ക് ട്രൈലെറിൽ കാണാം. കൂടാതെ അതിമാനുഷികമായ കരുത്തും ഉന്നവുമെല്ലാം മുരളിക്ക് ലഭിക്കുന്നുണ്ട്. അതുപോലെ ട്രെയിലറിലെ ഒരു സീനിലും ആധുനിക ഉപകരണങ്ങളോ മൊബൈൽ ഫോണുകളോ കാണാൻ സാധിക്കുന്നില്ല എന്നത് കൊണ്ടും കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതികൾ കണ്ടാലും, ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് കുറച്ചു പഴയ കാലഘട്ടത്തിൽ ആണെന്ന് മനസിലാക്കാം.
പിന്നീട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മുരളി കഥാപാത്രത്തിന് മിന്നൽ ഏൽക്കുന്നത് ഒരു പള്ളിയുടെ പരിസരത്തു വെച്ചോ അതിനു മുകളിൽ വെച്ചോ ആണ് എന്നാണ്. അന്ന് ആ മിന്നൽ ഉണ്ടാകുന്നതിനു വരെ ഒരു സയന്സുമായി ബന്ധപ്പെട്ട കഥ ഉണ്ടാകാം എന്ന് അപ്പോൾ ആകാശത്തു കാണുന്ന ചുവന്ന നിറം സൂചന നൽകുന്നുണ്ട്. അതുപോലെ മിന്നൽ ഏൽക്കുന്ന മുരളിയുടെ വേഷം സാന്ത ക്ലോസിന്റെ ആയതു കൊണ്ട് തന്നെ ഈ കഥ നടക്കുന്നത് ഒരു ക്രിസ്മസ് കാലത്താണെന്നും ട്രൈലെർ പറയുന്നു. ട്രെയിലറിലെ പല ഭാഗത്തും ഈ ചിത്രം എൺപതുകളുടെ അവസാനമോ തൊണ്ണൂറുകളിലോ ആണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന സൂചന തരുന്നുണ്ട്. അതുപോലെ പ്രധാനമാണ് ചിത്രത്തിലെ വില്ലനായ ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന വെള്ളിടി വെങ്കിടിയുടെ അമാനുഷിക ശക്തികൾ. അതിവേഗവും കരുത്തും തീ ഉപയോഗിയ്ക്കാനും ഭൂഗുരുത്വത്തെ ഉപയോഗിക്കാനുമുള്ള കരുത്താണ് വെള്ളിടി വെങ്കിടിയുടെ ശക്തികളെന്നു വേണം ട്രൈലെറിൽ നിന്ന് മനസ്സിലാക്കി എടുക്കാൻ. ഇങ്ങനെയുള്ള രഹസ്യങ്ങളാണ് സോഷ്യൽ മീഡിയ കണ്ടെടുത്തിട്ടുള്ളത്. ഇതിൽ എത്രയെണ്ണം കൃത്യമായി വന്നിട്ടുണ്ട് എന്നറിയാൻ നമ്മുക്ക് ചിത്രം വരുന്നത് വരെ കാത്തിരുന്നേ പറ്റൂ.