കേരളത്തിലെ കോഴിക്കോട് നടന്ന നിപ്പ വൈറസ് ആക്രമണത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് വൈറസ്. പ്രശസ്ത സംവിധായകനായ ആഷിഖ് അബു ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണമാണ് ഈ ട്രെയിലറിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറിലെ രംഗങ്ങളുടെ തീവ്രത തന്നെ പ്രേക്ഷകരെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നുണ്ട് എന്ന് പറയാം. വരുന്ന ജൂൺ ഏഴിന് ആണ് ഈ ചിത്രം ഇവിടെ റിലീസ് ചെയ്യുക. വമ്പൻ താര നിര അണിനിരന്നിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓ പി എം പ്രൊഡക്ഷൻസ് ആണ്.
രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി, സുഹാസ്- ഷറഫു എന്നിവർ ചേർന്നാണ്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധരൻ ആണ്. റിമ കല്ലിങ്ങൽ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, രേവതി, റഹ്മാൻ, ഇന്ദ്രജിത് സുകുമാരൻ, സൗബിൻ ഷാഹിർ, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, പൂർണ്ണിമ ഇന്ദ്രജിത്, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റിയൻ, ദിലീഷ് പോത്തൻ, ഷറഫുദീൻ, സെന്തിൽ കൃഷ്ണൻ തുടങ്ങി വൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നിപ്പ ബാധിച്ചു മരിച്ച ലിനി സിസ്റ്റർ ആയാണ് റിമ കല്ലിങ്ങൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ടോവിനോ തോമസ്, രേവതി തുടങ്ങിയ എല്ലാവരും റിയൽ ലൈഫ് കഥാപാത്രങ്ങൾക്ക് ആണ് ജീവൻ നൽകിയിരിക്കുന്നത്.