പ്രശസ്ത നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഒരുക്കിയ പുതിയ ചലച്ചിത്രമാണ് മൂത്തോൻ. നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് ഗംഭീരമായ രീതിയിൽ തന്നെ റിലീസ് ചെയ്തിരിക്കുകയാണ്. നിവിൻ പോളി, ഗീതു മോഹൻദാസ്, പൃഥ്വിരാജ് സുകുമാരൻ, അനുരാഗ് കശ്യപ്, കരൺ ജോഹർ , സൂര്യ എന്നിവർ ചേർന്നാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ലോഞ്ച് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ ഗംഭീര പ്രതികരണമാണ് ഈ ടീസർ നേടിയെടുക്കുന്നത്. മൂത്തോൻ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
ഒരു ഫാന്റസി അഡ്വെഞ്ചർ ചിത്രമായാണ് മൂത്തോൻ ഒരുക്കിയിരിക്കുന്നതെന്ന് സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് ആണ്. ബോളിവുഡിൽ നിന്നുള്ള വമ്പൻ സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിന്റെ അണിയറയിൽ ജോലി ചെയ്തിട്ടുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. മൂത്തോന് വേണ്ടി വി എഫ് എക്സ് ജോലികൾ ചെയ്യുന്നത് ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്ത ടീം ആണ്. നിവിൻ പോളിക്കു പുറമെ ശശാങ്ക് അറോറ, സോബിത ധുലിപാല , ഹാരിഷ് ഖന്ന എന്നെ ബോളിവുഡ് നടന്മാരും സുജിത് ശങ്കർ, അലെൻസിയർ , സൗബിൻ ഷാഹിർ, മെലിസ തോമസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോ, ജാർ പിക്ചർസ് എന്നിവയുടെ ബാനറിൽ വിനോദ് കുമാർ, അജയ് ജി റായ്, അലൻ എന്നിവർ ചേർന്നാണ്. ബി അജിത് കുമാർ എഡിറ്റിംഗ് നിർവജിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് മേനോൻ, സ്നേഹ ഖാൻവാൽകർ എന്നിവർ ചേർന്നാണ്.