1983, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ക്യാമ്പസ് ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമായിരുന്നു പൂമരം. കാളിദാസ് ജയറാം നായകനായി ബിഗ് സ്ക്രീനിൽ എത്തിയ ചിത്രം കൂടിയായിരുന്നു പൂമരം. ചിത്രത്തിന്റെ ക്ലൈമാക്സിൽ നിർണായകമായ് ഉപയോഗിച്ച പാട്ട് രംഗം വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഇപ്പോൾ ചിത്രത്തിലെ ആ പാട്ട് ചിത്രിക്കരിച്ചതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ക്ലൈമാക്സിൽ മഹാരാജാസ് കോളേജ് മത്സര ഇനമായി അവതരിപ്പിക്കേണ്ട മൈം ഒരു പ്രത്യേക സാഹചര്യത്തിൽ അവതരിപ്പിക്കാൻ സാധിക്കാതെ വരുന്നു.എന്നാൽ ആ ആശയത്തെ അതിന്റെ ആത്മാവിനെ വേദിക്കപ്പുറം പടുത്തുയർത്തുകയാണ് കാളിദാസൻ അവതരിപ്പിക്കുന്ന മഹാരാജാസ് ചെയർമാൻ ഗൗതമനും കൂട്ടരും. അനാമോർഫിക് ആർട്ട് ഇൻസ്റ്റലേഷനിലൂടെ ഉണ്ടാക്കുന്ന രൂപം ശ്രീബുദ്ധന്റെയാണ്.
അനിൽ സേവ്യർ എന്ന കലാകാരന്റെ സഹായത്തോടെയാണ് ഇതിന്റെ ആർട്ട് പൂർത്തികരിച്ചത്. ഷൂട്ട് ചെയ്യുമ്പോൾ ലൈറ്റ് കൺട്രോൾ ചെയ്യാൻ 80 അടി വീതിയിലും 200 അടി ഉയരത്തിലും സ്റ്റുഡിയോ ഉണ്ടാക്കിയാണ് ഈ മനോഹരമായ ക്ലൈമാക്സ് ചിത്രികരിച്ചിരിക്കുന്നത്.ഇൻട്രാക്ടിവ് അനാമോർഫിക് ആർട്ട് ഇൻസ്റ്റലേഷൻ ആദ്യമായ് ഇന്ത്യയിൽ ഒരു പക്ഷെ പരസ്പരം കൊളുത്തുന്ന വിളക്കിനാൽ തെളിഞ്ഞ ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ അനാമോർഫിക് ഇൻസ്റ്റലേഷൻ ആവും ഇത്.
എബ്രിഡ് ഷൈനും, Dr. പോൾ വർഗീസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ജ്ഞാനം സുബ്രമണിയം ആണ്.കെ.ആർ മിഥുൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. ബാലചന്ദൻ ചുള്ളിക്കാടിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം ഒരുക്കിയിരിക്കുന്നു.
മിഥുൻ ഇമ്മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന വാ മോസ് അർജന്റിന ഫാൻസ് കാട്ടൂർക്കടവ് ആണ് കാളിദാസ് ജയറാമിന്റെ ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട കാളിദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.