നമ്മള് പെണ്ണുങ്ങളെ പോലെ ആണോ ആണുങ്ങള് അവരുടെ മുഖത്തും ദേഹത്തും ഒക്കെ അപ്പടി രോമങ്ങളാ. എന്നതാ കാര്യം എന്നാ. അവരുടെ പരിണാമം പൂർത്തിയായിട്ടില്ല. കുറച്ചു കുരങ്ങത്തരം ഇപ്പോഴും ബാക്കിയുണ്ട്. വുമൺസ് ഡേ എന്ന പുതിയ മലയാളം ഷോർട് ഫിലിമിലെ പ്രധാനപ്പെട്ട ഒരു ഡയലോഗ് ആണിത്. സുഖലോലുപതയിൽ മുഴുകി ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലും വലിയ രീതിയിലുള്ള സ്വാതന്ത്ര്യ നിഷേധം അനുഭവിക്കേണ്ടി വരുമെന്ന് ഈ ഷോർട്ട് ഫിലിം പറയുന്നു. വുമൺ ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം പേര് സൂചിപ്പിക്കും പോലെ തന്നെ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ്. അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആണ് ചിത്രം പുറത്തിറക്കിയത്. ഇതിനോടകം ശ്രദ്ധ നേടിയ ഷോർട്ട് ഫിലിമിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാതാരം നീനാ കുറുപ്പ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ടോം.ജെ മാങ്ങാട് തിരക്കഥയും സംവിധാനവും നിർവഹിച്ചിരുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ. ചിത്രം സംസാരിക്കുന്ന ശക്തമായ വിഷയം തന്നെയാണ് അതിന് കാരണം.
ലോക്ഡൗൺ കാലത്തെ സ്ത്രീ- പുരുഷ ജീവിതങ്ങളെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതിലൂടെ ഷോർട്ട് ഫിലിം കൂടുതൽ കാലികപ്രസക്തിയുള്ള ഒന്നായി മാറുന്നുണ്ട്. സാമ്പത്തികമായി പല തട്ടുകളിലായി കഴിയുന്ന സമൂഹത്തിൽ സ്വതന്ത്രരെന്നും ആഡംബരജീവിതം നയിക്കുന്നവരെന്നും നാം വിചാരിക്കുന്ന സ്ത്രീ ജീവിതങ്ങൾ സമൂഹത്തിലെ മറ്റ് എല്ലാ സ്ത്രീകളെപ്പോലെ തന്നെയും വലിയ രീതിയിലുള്ള കഷ്ടപ്പാടുകളും അവകാശ നിഷേധങ്ങളും അനുഭവിക്കുന്നുണ്ട് എന്ന് ഷോർട്ട് ഫിലിം പറയാൻ ശ്രമിക്കുന്നു. വളരെ പരിചയസമ്പന്നനായ അഭിനേതാക്കളുടെ മികച്ച പ്രകടനം ഈ ചിത്രത്തെ കൂടുതൽ പ്രഫഷണൽ ആക്കുന്നു. നീന കുറുപ്പിനെ കൂടാതെ എൻ. ഇ സുധീർ, ലാലീ പി.എം, യദുനന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച നിലവാരം പുലർത്തുന്ന വിഷ്വൽ തന്നെയാണ് ഷോർട്ട് ഫിലിമിനെ കൂടുതൽ ആസ്വാദ്യം ആക്കുന്നതിന് കാരണമായിട്ടുള്ളത്. രൂപേഷ് ഷാജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്ത്.