മലയാള സിനിമയിൽ ആദ്യമായി ഒരു വൈദികൻ സംവിധായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. കാറ്റിനരികെഎന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കപ്പൂച്ചിൻ സഭയിലെ വൈദികൻ റോയ് കാരയ്ക്കാട്ടാണ്. കപ്പൂച്ചിൻ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്നു. കപ്പുച്ചിൻ റോയി കാരയ്ക്കാട്ട് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മനോഹരമായ ട്രെയിലറിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു മലഞ്ചെരുവിൽ ഒറ്റപ്പെട്ട താമസിക്കുന്ന ഒരു അണു കുടുംബത്തിന്റെ പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുടുംബബന്ധങ്ങളുടെയും മൂല്യങ്ങളുടെയും കഥപറയുന്ന ചിത്രത്തിന്റെ ട്രെയിലർ മികച്ച നിലവാരം പുലർത്തുന്നു. ആത്മീയ പശ്ചാത്തലത്തിൽ നിന്നും സിനിമ പോലെ വളരെ സങ്കീർണമായ കലാമേഖലയിലേക്ക് വൈദികൻ കടന്നു വരുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളെയും സംവിധായകനായ കപ്പൂച്ചിൻ റോയ് കാരയ്ക്കാട്ട് തിരുത്തി കുറിക്കുന്നു. ഇതിനോടകം ചിത്രം ആധികാരികമായ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് കാറ്റിനരികെ.
അവാർഡിന്റെ തിളക്കത്തിലൂടെ വലിയ പ്രേക്ഷക സമൂഹത്തിലേക്ക് ചിത്രം എത്തുമ്പോൾ ഏവരും വലിയ പ്രതീക്ഷയിലാണ്. അശോകനെ കൂടാതെ വളരെ പ്രശസ്തരായ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സിദ്ധാര്‍ത്ഥ ശിവ, സിനി എബ്രഹാം, ചാലി പാല, മാസ്റ്റര്‍ പവന്‍ റോയ്, ബേബി അനു മനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനൂബ് ടി. ചാക്കോയാണ്. വിശാൽ ജോൺസൺ എഴുതിയ വരികൾക്ക് നോബൽ പീറ്റർ ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിഷ്വൽസിൽ മികച്ച നിലവാരം പുലർത്തുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വൈശാഖ് രാജേന്ദ്രനാണ്. ആർട്ട് സുരാജ് ആർ കെ, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്മിറിൻ സെബാസ്റ്റ്യൻ. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് പ്രേക്ഷക പ്രശംസക്ക് അർഹനായ നിലനിൽക്കുന്ന താരമാണ് അശോകൻ. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള ചിത്രമായിരിക്കും കാറ്റിനരികെ.