ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജോജി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. ദിവസങ്ങൾക്കുമുമ്പാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണം നേടിയ ടീസറിന് ശേഷം ഗംഭീരമായ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ മറ്റുമായി വലിയ രീതിയിൽ ട്രെയിലർ ചർച്ചയായി മാറി കഴിഞ്ഞിരിക്കുന്നു. ട്രെയിലറിൽ ഫഹദ് ഫാസിൽ പറയുന്ന ഡയലോഗുകൾ ആരാധർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. മഹേഷിന്റെ പ്രതികാരം (2016) തൊണ്ടി മുതലും ദൃക്സാക്ഷിയും (2017) എന്നീ ചിത്രങ്ങൾക്കുശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജോജി ഒരു റിയലിസ്റ്റിക് ചിത്രം ആയിരിക്കുമെന്ന് ചിത്രത്തിന്റെ ട്രെയിലർ വ്യക്തമായ സൂചന നൽകുന്നു. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഒടിടിക്ക് വേണ്ടി തയ്യാറാക്കിയ ചിത്രമാണ് ജോജി എന്നു ദിലീഷ് പോത്തൻ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പിറങ്ങിയ ദിലീഷ് പോത്തൻ ചിത്രങ്ങളിൽ നിന്നും അൽപം വ്യത്യസ്തതയുള്ള അനുഭവമായിരിക്കും ജോജി നൽകുക. അതുകൊണ്ടുതന്നെ ചിത്രം ഒരു ട്രാജഡി- ഡ്രാമ അനുഭവമായിരിക്കും. ഈ ഫോർമുലയിൽ ഉള്ള ചിത്രങ്ങൾ തീയേറ്ററിൽ വിജയിക്കാൻ സാധ്യത കുറവായിരിക്കും.
കോവിഡ് പശ്ചാത്തലത്തിലുള്ള തീയേറ്റർ നിയന്ത്രണവും ഉള്ളതിനാലാണ് ജോജി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന പുതിയ ചിത്രം എന്ന പ്രത്യേകതയും ജോജിക്ക് ഉണ്ട്. ഫഹദ് ഫാസിലിനെ കൂടാതെ ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, അലൻസിയർ, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം നടൻ ബാബുരാജ്, ഷമ്മി തിലകൻ എന്നിവർ ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയുള്ള ചിത്രത്തിന്റെ വിഷ്വൽസ് പകർത്തിയിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. വിശ്വവിഖ്യാതമായ മാക്ബത്ത് എന്ന കൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ജോജി ഒരുക്കിയിരിക്കുന്നതെന്ന് ദിലീഷ് പോത്തൻ വെളിപ്പെടുത്തിയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ജോജിക്ക് വേണ്ടി കാത്തിരിക്കുന്നത്.