ഹൃസ്വ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്ന, പ്രേക്ഷക പിന്തുണ നേടുന്ന ഒരു കാലഘട്ടമാണിത്. ഒട്ടേറെ മികച്ച ഹൃസ്വ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിന് നമ്മൾ സാക്ഷികളായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഹൃസ്വ ചിത്രം കൂടി ഏവരുടെയും പ്രശംസ നേടിയെടുക്കുകയാണ്. ധനുഷ് എസ്. നായർ സംവിധാനം ചെയ്ത ഒൻപതാം ക്ലാസിലെ ഏഴാ പാഠം എന്ന ഹൃസ്വ ചിത്രമാണ് ഇപ്പോൾ കയ്യടി നേടിയെടുക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റിയാണ് ഈ ഹൃസ്വ ചിത്രം ചർച്ച ചെയ്യുന്നത്. ലഹരിക്കും അശ്ലീല വിഡിയോകൾക്കും അടിമയായ ഒരു യുവാവിന്റെ ജീവിതത്തിൽ ഒരു ദിവസം ഉണ്ടാകുന്ന വലിയൊരു വഴിത്തിരിവാണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സോഷ്യൽ മീഡിയകളിൽ മികച്ച ഡബ്‌സ്മാഷുകൾ ചെയ്ത് ഏവരുടെയും പ്രശംസ നേടിയെടുത്തിട്ടുള്ള ആനന്ദ് മനോജാണ് ഈ ഹൃസ്വ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്.
ട്രാവൻകൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം എട്ടാം വാരത്തിലെ ഓഡിയൻസ് ചോയ്സ് അവാർഡും കൂടി നേടിയെടുത്തിരുന്നു. ശരത് ആർ. നായരാണ് ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അതുപോലെ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ടിജോ കൊടത്തുശ്ശേരിയാണ്. സംവിധായകൻ ധനുഷ്, അഭിനേതാവ് ആനന്ദ് എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ. സൗണ്ട് വിഭാഗം ഗോപീഷ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ജിനേഷ് മരങ്ങാട്ടു, സുഭാഷ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് സുജിത് കൊട്ടാരക്കരയാണ്. ഫ്രണ്ട്‌സ് ടാക്കീസ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലാണ് ഒൻപതാം ക്ലാസിലെ ഏഴാ പാഠം റിലീസ് ചെയ്തിരിക്കുന്നത്.