പ്രശസ്ത മലയാള സംവിധായകൻ വിനയൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. യുവ താരം സിജു വിൽസൺ നായകനായ പത്തൊൻപതാം നൂറ്റാണ്ടെന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി തുടങ്ങി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളുടേയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ് ഈ ടീസർ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഗോകുലം ഗോപാലന്‍ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരന്നിരിക്കുന്നത്. അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, കയടു ലോഡ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷാജി കുമാറാണ്. എം ജയചന്ദ്രനാണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ചമയം നിർവഹിച്ചത് പട്ടണം റഷീദാണ്. ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക വേഷമവതരിപ്പിക്കാൻ സിജു വിൽസൺ നടത്തിയ വമ്പൻ മേക് ഓവർ ശ്രദ്ധ നേടിയെടുത്തിരുന്നു. സിജുവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഇന്ന് വന്ന ടീസറിന്റെ ഹൈലൈറ്റാണ്. കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുമ്പോൾ, മഹാരാജാവായി അനൂപ് മേനോനും, രാജ്ഞിയായി പൂനം ബജ്വയുമാണ് അഭിനയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണമെന്ന നിലപാടിലുറച്ചു സഞ്ചരിച്ച വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ വിനയൻ അവതരിപ്പിക്കുന്നത്.