മലയാള സിനിമയുടെ ഇത്രയും വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി മുതൽ മുടക്കിൽ അഞ്ചു ഭാഷകളിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയിരുന്നു. ഡിസംബർ രണ്ടിന് ലോകം മുഴുവൻ നാലായിരം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. മലയാള സിനിമയുടെ മഹാത്ഭുതം എന്ന് തന്നെയാണ് ഈ ട്രൈലെർ കാണുന്ന പ്രേക്ഷകർ മരക്കാരിനെ വിളിക്കുന്നത്. അതിഗംഭീര ദൃശ്യങ്ങളും, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും വമ്പൻ താരനിരയും ഈ ട്രൈലറിനെ അന്താരാഷ്ട്ര നിലവാരത്തിലാണ് എത്തിക്കുന്നത്. ഇതിനു മുൻപ് പുറത്തു വന്ന നാല് ടീസറുകളും ഒരു ട്രെയ്‌ലറും അതുപോലെ ഇതിലെ അഞ്ചു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന്റെ ടീസറുകൾക്ക് ദേശീയ തലത്തിൽ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. കുഞ്ഞാലി മരക്കാർ നാലാമനായി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് അദ്ദേഹത്തിന്റെ മകനായ പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാഹുൽ രാജ് പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരുവും കലാസംവിധാനം നിർവഹിച്ചത് സാബു സിറിലും ആണ്.