
ഇന്നലെയാണ് പ്രശസ്ത കന്നഡ സൂപ്പർ താരമായ പുനീത് രാജ്‌കുമാർ അന്തരിച്ചത്. നാല്പത്തിയാറു വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യായാമം ചെയ്യുന്നതിന് ഇടയിൽ നെഞ്ചു വേദന ഉണ്ടായി കുഴഞ്ഞു വീണ അദ്ദേഹത്തെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ അദ്ദേഹത്തിന്റെ മരണം വലിയ ഷോക്കാണ് തെന്നിന്ത്യൻ സിനിമയ്ക്കു ഉണ്ടാക്കിയത്. ആരാധകർ സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പുനീതിന്റെ മരണം കന്നഡ സിനിമാ പ്രേമികൾക്ക് വലിയ ഒരാഘാതമായിരുന്നു. ഒരു നടനെന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും കർണാടകയിലെ ജനങ്ങൾ ഏറെ സ്നേഹിച്ച ഒരാളായിരുന്നു പുനീത് രാജ്‌കുമാർ. വിനയം കൊണ്ടും, പെരുമാറ്റം കൊണ്ടും ജനങ്ങളുടെ ഹൃദയം കീഴടക്കിയ പുനീത്, ഒട്ടേറെ കാരുണ്യ പ്രവർത്തികളും ചെയ്തിരുന്നു.
അനാഥാലയങ്ങളും വൃദ്ധ സദനകളും നടത്തിയിരുന്ന അദ്ദേഹം ആയിരത്തിൽ അധികം കുട്ടികളെ ആണ് സാമ്പത്തികമായി സഹായിച്ചു കൊണ്ട് പഠിപ്പിച്ചിരുന്നത്. അത് കൂടാതെ മരണത്തിനു ശേഷം തന്റെ കണ്ണുകളും ദാനം ചെയ്ത അദ്ദേഹം നടത്തിക്കൊണ്ടു പോയിരുന്ന സാമൂഹിക സേവനങ്ങൾ ഏറെയാണ്. അങ്ങനെ,കർണാടകയിലെ ഓരോ കുടുംബത്തിലെയും ഒരംഗത്തെ പോലെ പ്രീയപെട്ടവനായിരുന്ന ആളായിരുന്നു പുനീത് രാജ്‌കുമാർ. ഇപ്പോൾ കർണാടകയിൽ നിന്ന് നമ്മൾ കാണുന്ന രംഗങ്ങൾ മതി അത് മനസ്സിലാക്കാൻ. അദ്ദേഹം മരിച്ച ഹോസ്പിറ്റലിനും അദ്ദേഹത്തിന്റെ വീടിനും ചുറ്റും ലക്ഷകണക്കിന് ആരാധകരും ജനങ്ങളുമാണ് തങ്ങളുടെ പ്രീയപ്പെട്ട അപ്പുവിൻറെ അവസാനമായി കാണാൻ എത്തിച്ചേർന്നിരിക്കുന്നത്. സങ്കടം കൊണ്ട് പൊട്ടിക്കരയുന്നവരെയും നമ്മുക്ക് കാണാം. അതിനിടയിൽ അപ്പുവിന്റെ മരണം അറിഞ്ഞു ഹൃദയം പൊട്ടി മരിച്ച ആരാധകന്റെ വാർത്തകളും പുറത്തു വരുന്നുണ്ട്. പുനീത് എന്ന അപ്പു അവർക്കു ആരായിരുന്നു എന്ന് ഈ വീഡിയോകൾ നമ്മുക്ക് കാണിച്ചു തരും.