
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’-ന്റെ ടീസർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയന എൽസയാണ് നായിക.
‘പ്രണയം പൂക്കുന്ന കാലം’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പ്രണയത്തിനൊപ്പം കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘വിവാഹ്’ എന്ന സൂചനയാണ് പോസ്റ്ററും ടീസറും നൽകുന്നത്.
നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയിരുന്നു. ധ്യാൻ ശ്രീനിവാസനും നയന എൽസയും ഉൾപ്പെടുന്ന താരനിരയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നയ്യൻ നിർമിക്കുന്ന ചിത്രത്തിന് അഭിഷേക് ശ്രീകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണി ശശീധരനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഐശ്വര്യ രാജും ഉണ്ണി രാജേന്ദ്രനും ചേർന്നാണ് നിർവഹിക്കുന്നത്.
ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.