തീയേറ്റർ ഇളക്കിമറിച്ച് യുവ പ്രേക്ഷകരുടെ ആഘോഷം; അജഗജാന്തരത്തിന് ഗംഭീര പ്രതികരണം..!

Advertisement

ആന്റണി വർഗീസ് നായകനായ അജഗജാന്തരമാണ് ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്തു ആഘോഷമുണ്ടാക്കിയ ചിത്രം. മാസ്സ് ആക്ഷൻ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കുന്നത് യുവ പ്രേക്ഷകർ ആണ്. യുവ പ്രേക്ഷകർ ഇപ്പോൾ വമ്പൻ വരവേൽപ്പാണ് ഈ ചിത്രത്തിന് നൽകുന്നത്. യുവാക്കൾക്ക് വേണ്ട എല്ലാം ഈ ചിത്രത്തിലുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അടിച്ചു പൊളിച്ചു ചുവടു വെക്കാൻ പോന്ന ഗാനങ്ങളും, രോമാഞ്ചം തരുന്ന ബിജിഎംനൊപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, കുറിക്ക് കൊള്ളുന്ന ഡയലോഗുകളും കോർത്തിണക്കി ഒരുക്കിയ അജഗജാന്തരത്തിന് യുവാക്കളുടെ വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയ ഒള്ളുള്ളേരു എന്ന ഗാനത്തിനു ലഭിച്ച വരവേൽപ്പ് ഏറെ കാലത്തിനു ശേഷം തീയേറ്ററിൽ ഉത്സവ പ്രതീതി സൃഷ്ടിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരു ക്ലീൻ ആക്ഷൻ എൻ്റർടെയ്നർ എന്ന പ്രതികരണമാണ് യുവാക്കൾക്കിടയിൽ ഈ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ഗ്രാമത്തിൽ നടക്കുന്ന പൂരത്തിന്റെ ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ കഥ. വമ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ട് എന്ന വാർത്തകൾ വന്നതോടെ ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ ചർച്ചയിൽ നിറഞ്ഞു നിന്നിരുന്നു. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി തന്നെയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. യുവ നടനായ ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം. ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവരും മികച്ച വേഷങ്ങൾ ചെയ്യുന്നുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close