പ്രശസ്ത മറാത്തി നടിയായ കേതകി നാരായൺ മലയാളം ചിത്രങ്ങളിലൂടെയും പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ്. മറാത്തി ചിത്രമായ യൂത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി ഒട്ടേറെ ഹൃസ്വ ചിത്രങ്ങളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും പ്രശസ്തി നേടിയ കലാകാരിയാണ്. ഇപ്പോഴിതാ ഈ നടി ആദ്യമായി രചിച്ചു സംവിധാനം ചെയ്ത ബഡ്ജി എന്ന ഹൃസ്വ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധയും പ്രശംസയുമാണ് നേടുന്നത്. കേതകി തന്നെ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ ലോക്ക് ഡൌൺ സമയത്തു വീട്ടിൽ ഭർത്താവില്ലാതെ ഒറ്റക്ക് താമസിക്കേണ്ടി വരുന്ന ഒരു യുവതി എങ്ങനെയാണ് തന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നതെന്നാണ് കാണിച്ചു തരുന്നത്. അവൾ ജീവിതം എങ്ങനെ ആസ്വദിക്കുന്നുവെന്നും ഈ സമയത്തു തന്റെ വീട്ടിനുള്ളിൽ ഇരുന്നു കൊണ്ടു തന്നെ തനിക്കു ഒരിക്കൽ നിഷേധിക്കപ്പെട്ട പലതും എങ്ങനെ നേടിയെടുക്കുന്നുവെന്നുമാണ് രണ്ടു മിനിറ്റ് മാത്രമുള്ള ഈ ഹൃസ്വ ചിത്രം പറയുന്നത്.
ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച കേതകി നാരായൺ, അനിൽ രാധാകൃഷ്ണൻ മേനോന്റെ ദിവാൻജി മൂല ഗ്രാൻഡ്പ്രിക്ക്‌സ്, അരുൺ കുമാർ അരവിന്ദിന്റെ അണ്ടർ വേൾഡ് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരയായ് എന്ന മലയാളം മ്യൂസിക് വീഡിയോയിലും ഈ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിലിം മേകിങ് ആൻഡ് ആക്ടിങ് ചലഞ്ചിന്റെ ഭാഗമായി കേതകി ഒരുക്കിയ ബഡ്ജി എന്ന ഈ ഹൃസ്വ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സ്‌പെഷ്യൽ പരാമർശവും കേതകിക്കു ലഭിച്ചു. ലോക്ക് ഡൌൺ സമയത്താണ് ഈ ഹൃസ്വ ചിത്ര മത്സരം നടന്നത്. “അവൾ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കേതകി ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.