ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‛ആർക്കറിയാം′. മുഖത്ത് ചുളിവുകൾ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ റോളിലാണ് ബിജു മേനോൻ എത്തുന്നത്. വില്ലൻ, സഹനടൻ, നായകന്‍ അങ്ങനെ ഏതു വേഷവും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരമാണ് ബിജു മേനോൻ. അദ്ദേഹത്തിന്റെ മറ്റൊരു വേഷപ്പകർച്ചയ്ക്കായി ആരാധകരും കാത്തിരിക്കുകയാണ്.
മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേർന്നായിരുന്നു ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ പുറത്തിറക്കിയത്. കോവിഡ് കാലം പശ്ചാത്തലമാക്കുന്ന ചിത്രം മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സിൻറെയും ഒപിഎം ഡ്രീമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് നിർമിക്കുന്നത്. സംവിധായകൻ സനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. നേഹ അയ്യരും യക്സൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു.ഫെബ്രുവരിയിൽ ചിത്രം റിലീസാകും. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.