തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി, ക്യാമറയില്‍ പകര്‍ത്തിയ 8000 ചിത്രങ്ങള്‍ കൂട്ടിചേർത്തൊരുക്കിയ 2കെനോട്ട് എന്ന ഹൃസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ അഞ്ചു ദിവസം കൊണ്ട് ആണ് ഇത്രയും ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയത്. സൗണ്ട് എഞ്ചിനീയറും സംവിധായകനുമായ ജിക്കു എം ജോഷി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരുക്കാൻ വലിയ പരിശ്രമമാണ് വേണ്ടി വന്നത്. സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിനു ശേഷം ഇവർ ഒരുമിച്ചു കൂടി ഫോട്ടോകളുടെ കളർ പാലറ്റ് തീരുമാനിക്കുകയും ശേഷം സ്റ്റോറി ബോർഡും സൗണ്ട് സ്ക്രിപ്റ്റും തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം ആറേഴു തവണ കഠിനമായി പരിശ്രമിച്ചതിനു ശേഷമാണു കഥാപാത്രത്തിന്റെ മോഡൽ ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചത്. ആദ്യം ടെസ്റ്റ് ഷൂട്ട് ചെയ്തപ്പോൾ കഥാപാത്രം ശരിയാവുന്നില്ല എന്ന് കണ്ടപ്പോൾ പിന്നെയും ആദ്യം മുതൽ കഥാപാത്രത്തിന്റെ മോഡൽ നിർമ്മിക്കുകയും അഞ്ചു ദിവസം കൊണ്ട് ഷൂട്ട് ചെയ്യുകയുമായിരുന്നു.
ഒരു മേശയുടെ മുകളിൽ ആണ് ഷൂട്ടിന് വേണ്ട മിനിയേച്ചർ സെറ്റ് ഉണ്ടാക്കിയത്. 18 ഇഞ്ച് സ്‌ക്വയര്‍ഫീറ്റ് ഉള്ള മെയിൻ റൂമും അതുപോലെ ഏഴര ഇഞ്ചു വലിപ്പമുള്ള കഥാപാത്ര മോഡലുമാണ് ഇവർ ഉണ്ടാക്കിയത്. ഒരു സെക്കന്റിൽ 24 ഫോട്ടോ വരെ എടുത്തു കൊണ്ടാണ് ചില സമയത്തു ഓരോ ഷോട്ടും പൂർത്തിയാക്കിയത്. അഞ്ചു ദിവസം കൊണ്ട് 8000 ഫോട്ടോസ് എടുത്ത് ഓരോ ഫോട്ടോയും ചേര്‍ത്തു വച്ച് കോമ്പോസിറ്റ് ചെയ്ത് വീഡിയോ ഉണ്ടാക്കി, എക്‌സ്‌പോർട്ട് ചെയ്തു ക്ലിപ്പുകളാക്കി മാറ്റുകയും പിന്നീട് എഡിറ്റിംഗ്, സ്റ്റെബിലൈസിംഗ് എന്നിവ ചെയ്തു ഔട്ട് എടുത്തതിനു ശേഷം സൗണ്ട് ഡിസൈനും ചെയ്‌താണ് ഈ ഹൃസ്വ ചിത്രം നിർമ്മിച്ചത്. ഷെബിന്‍ സെബാസ്റ്റ്യന്‍ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ആനന്ദ് നമ്പ്യാരും ക്യാമറ ചലിപ്പിച്ചത് നിഖില്‍ എസ് പ്രവീണുമാണ്. ജോഷിന്‍കുമാര്‍ എം. എം, ഗിരിജാ ജോഷി എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത് വിഷ്ണു ശിവ ആണ്.
വ്യക്തമായും കഥാപാത്ര കേന്ദ്രീകൃതമായ ചിത്രം മനുഷ്യന്റെ അസ്തിത്വത്തിന്റെ ഭാരത്തേയും ഏകാന്തതയേയും ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. പരിമിതികൾക്കുളിൽ നിന്നു കൊണ്ട് മീഡിയത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കേന്ദ്രകഥാപാത്രത്തിന്റെ ഒറ്റപ്പെട്ട പകലുകളും രാത്രികളും സഹാനുഭൂതിയോടെ വരച്ചിടുകയാണ് അണിയറപ്രവർത്തകർ.ആ രാത്രികളോടും പകലുകളോടും പലനിമിഷങ്ങളിലും താദാത്മ്യം പ്രാപിക്കാൻ പ്രേക്ഷകർക്കാകുന്നു എന്നതാണ് 2k നോട്ടിന്റെ വിജയം.