എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണന്റെ തിരക്കഥ പൂർത്തിയാക്കി. മഹാഭാരത കഥപറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കർണ്ണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം ആണ്. കഴിഞ്ഞ ദിവസം, പൂർത്തിയായ തിരക്കഥയുമായി സംവിധായകനും സുഹൃത്തുക്കളും ശബരിമല ദർശനം നടത്തി ആണ് തിരക്കഥ പൂർത്തിയായ വിവരം പുറത്തുവിട്ടത്.
2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌തീനിലൂടെ സംവിധാന സംരംഭത്തിലേക്ക് ചുവടുവെപ്പ് നടത്തിയ ആർ. എസ്. വിമൽ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാക്കി മാറ്റുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജുമായി ചേർന്ന് കർണ്ണൻ എന്ന തന്റെ സ്വപ്ന പദ്ധതി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു എങ്കിലും ചില കാരണങ്ങളാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
കർണ്ണൻ പൂർണ്ണമായും ഉപേക്ഷിച്ചു എന്നു കരുതിയ ഇടത്തുനിന്നാണ് മാസങ്ങൾക്ക് മുൻപ് കർണ്ണന്റെ പ്രഖ്യാപനവുമായി ആർ. എസ്. വിമൽ വീണ്ടും എത്തിയത്. ഇത്തവണ മലയാളത്തിൽ നിന്ന് മാറി ചിത്രം പ്രധാനമായും ഹിന്ദിയിലും തമിഴിലും ആണ് ഒരുക്കുന്നത്. 750 കോടിയോളം ബജറ്റ് വരുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്. ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി ആയ യൂനൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഇന്ത്യൻ സിനിമ ഇന്നേവരെ കാണാത്ത മികവോടെ ഒരുക്കുന്ന ചിത്രം ആയിരിക്കും മഹാ വീർ കർണ്ണൻ എന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തന്നെ പൂർത്തിയാക്കി റിലീസിന് ഒരുക്കാൻ ആണ് ശ്രമിക്കുന്നത്..