മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരെന്ന ചോദ്യത്തിന് സംശയമില്ലാതെ തന്നെ നമ്മുക്ക് ഉത്തരം പറയാൻ കഴിയും ഫഹദ് ഫാസിൽ എന്ന്. താരമെന്നതിലുപരി തന്റെ അനായാസമായ അഭിനയ ശേഷി കൊണ്ട് ഓരോ ചിത്രത്തിലൂടെയും ഫഹദ് ഫാസിൽ എന്ന ഈ നടൻ നമ്മളെ ഓരോരുത്തരെയും ഇന്ന് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് റിലീസ് ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയും ഫഹദ് തന്റെ അനായാസമായ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇന്നിപ്പോൾ ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ ഫഹദിനെ കുറിച്ച് വാചാലരാകുന്നത് കാണുമ്പോൾ മലയാളികൾ എന്ന നിലയിൽ നമ്മുക്ക് അഭിമാനം കൊള്ളാം.
അടുത്തിടെ നടന്ന, സോഷ്യൽ മീഡിയയിലെ സിനിമ പാരഡിസോ ക്ലബ്ബിന്റെ ഒരു സിനിമ ചര്ച്ചയിൽ പങ്കെടുക്കവെ, ഫഹദിനോട് താൻ ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം പറയാമോ എന്നൊരാൾ ചോദിച്ചപ്പോൾ ഫഹദ് പറഞ്ഞത് പ്രശസ്തമായ ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ പേരായിരുന്നു.
സിബി മലയിൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച സത്യനാഥൻ പോലൊരു കഥാപാത്രം ചെയ്യാൻ തനിക്കു ഒരുപാട് ആഗ്രഹം ഉണ്ടെന്നും പക്ഷെ തന്നെ കൊണ്ട് അത് പോലെ ഒരു കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്നറിയില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. സത്യനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ നൽകിയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ തൂലികയുടെ ശക്തിയെ പോലും മറികടന്ന പ്രകടനം എന്ന് എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ച പ്രകടനമായിരുന്നു അത്. തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു നടന്റെ പ്രകടനത്തെ കുറിച്ചും എം ടി വാസുദേവൻ നായർ ഈ നിമിഷം അവരെ അതുപോലൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് ഏറ്റവും അനായാസകരമായ അദ്ദേഹത്തിന്റെ അഭിനയ ശൈലി കൊണ്ടാണ്. മോഹൻലാലിൻറെ അനായാസതയോടു ഉപമിക്കാനാവില്ലെങ്കിലും പുതു തലമുറയിൽ ഏറ്റവും അനായാസമായി അഭിനയിക്കുന്ന നടൻ ഫഹദ് ഫാസിൽ ആണെന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും.
മോഹൻലാലിൻറെ അനായാസമായ ആ അഭിനയമാണ് തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളതെന്നും കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഫഹദ് പറഞ്ഞിട്ടുമുണ്ട്. ഫഹദിന്റെ അച്ഛനായ ഫാസിലാണ് മോഹൻലാൽ എന്ന നടനെ കണ്ടെത്തിയതും മലയാള സിനിമയിൽ അവതരിപ്പിച്ചതെന്നതും കാലം നമ്മുക്ക് സമ്മാനിച്ച മറ്റൊരു യാദൃശ്ചികതയാവാം