ചിരിയുടെ രസക്കൂട്ടുകളുമായി വിശ്വ വിഖ്യാതരായ പയ്യന്മാർ

Advertisement

ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ഒരു കൊച്ചു ചിത്രമാണ് രാജേഷ് കണ്ണങ്കര തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത വിശ്വ വിഖ്യാതരായ പയ്യന്മാർ. ദീപക് നായകനായി എത്തിയ ഈ ചിത്രത്തിൽ അജു വർഗീസ്, ഭഗത് മാനുവൽ , ഹാരിഷ് കണാരൻ , സുധി കോപ്പ, ലീമ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കീർത്തന ഫിലിമ്സിന്റെ ബാനറിൽ റെജിമോൻ കപ്പപറമ്പിൽ നിർമ്മിച്ചിരിക്കുന്ന ഈ കോമഡി എന്റർറ്റെയ്നറിനു കഥ രചിച്ചിരിക്കുന്നത് വി ദിലീപ് ആണ്.

ജീവിതത്തിൽ പ്രേത്യേകിച്ചു ഒന്നും ചെയ്യാതെ നടക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളെ ആസ്പദമാക്കി മുന്നോട്ടു പോകുന്ന ഒരു രസികൻ ചിത്രമാണ് ഇതെന്ന് പറയാം.

Advertisement

ഗോപി, ലാൽ എന്നീ രണ്ടു സുഹൃത്തുക്കൾ എറണാകുളത്തേക്കു പോകുന്നതിനിടെ ബസിൽ വെച് ഒരു പുരോഹിതനെ പരിചയപ്പെടുന്നു. അദ്ദേഹവുമായുള്ള സംസാരത്തിനിടയിൽ അവർ, തങ്ങൾ എന്ത് കാര്യത്തിനാണ് എറണാകുളം പോകുന്നതെന്ന് അദ്ദേഹത്തോട് പറയുന്നു. അവരുടെ ഭൂതകാലത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. അതിനോടൊപ്പം തന്നെ എറണാകുളത്തു എത്തിയിട്ട് അവർ എന്ത് ചെയ്യാൻ പോകുന്നു എന്നും നമ്മുക്ക് കാണിച്ചു തരുന്നു.

വളരെ രസകരമായ സംഭവങ്ങളിലൂടെ , ഹാസ്യത്തിന് പ്രാധാന്യം നൽകി കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന ഒന്നാണ് എന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. ചില കഥാപാത്രങ്ങളും ഡയലോഗുകളും ചിത്രത്തിനു ആവശ്യമായിരുന്നോ എന്നാ ഒരു തോന്നലും ഉണ്ടാക്കി. ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും, തിരകഥയിലെ കാമ്പ് കുറവായതിനാല്‍ പല ഭാഗങ്ങളും അനാവശ്യമായി തോന്നി

മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ലീമ ബാബു, ഭഗത് മാനുവൽ, സുധി കോപ്പ, മനോജ് കെ ജയൻ, ശശി കലിംഗ, സുനിൽ സുഗത, ദേവൻ, നെൽസൺ, കലാശാല ബാബു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജി കെ പിള്ള, ലക്ഷ്മി, വൈഗ, നെടുമ്പ്രം ഗോപി, കോഴിക്കോട് നാരായണൻ നായർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. പ്രശാന്ത് കൃഷ്ണ ഒരുക്കിയ ദൃശ്യങ്ങളും വി സാജന്റെ എഡിറ്റിംഗും നന്നായി വന്നപ്പോൾ, വിശാൽ അരുൺ റാം , സന്തോഷ് വർമ്മ എന്നിവർ ചേർന്ന് ഒരുക്കിയ ഗാനങ്ങളും ആനന്ദ് മധുസൂദനൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മികവ് പുലർത്തി.

ചുരുക്കി പറഞ്ഞാൽ, ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് വിശ്വ വിഖ്യാതരായ പയ്യന്മാർ. തമാശ മാത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താന്‍ സാധ്യത ഇല്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close