ഒരിടവേളക്ക് ശേഷം തമിഴിൽ നിന്നും പ്രദർശനത്തിനെത്തിയ ചിത്രമാണ് വിശാൽ നായകനായ വീരമേ വാഗൈ സൂടും. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് തു പ ശരവണൻ ആണ്. മലയാളി താരം ബാബുരാജ് ആണ് ഇതിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്നതായിരുന്നു മലയാളി പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിച്ച ഏറ്റവും വലിയ ഘടകം. അതിനൊപ്പം വിശാൽ ചിത്രങ്ങളിൽ നിന്ന് എക്കാലവും ലഭിച്ചിട്ടുള്ള നിലവാരമുള്ള ആക്ഷൻ സീനുകളും ഒരു കാരണമായിട്ടുണ്ട്. ഇതിന്റെ ട്രൈലെർ, അവർ പുറത്തു വിട്ട സ്നീക് പീക്ക് വീഡിയോ എന്നിവ ആ പ്രതീക്ഷകളെ കൂടുതൽ വലുതാക്കുന്ന തരത്തിൽ ഉള്ളതായതു കൊണ്ട് പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇതെന്ന് പറയാം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ സാധൂകരിക്കാനും, അവരെ നിരാശപ്പെടുത്താതെ, അവർ ആഗ്രഹിച്ച പോലെ രസിപ്പിക്കാനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നു പറയാം.
ഒരു മധ്യവർഗ കുടുംബത്തിൽ ജീവിക്കുന്ന യുവാവാണ് വിശാൽ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. പോലീസ് ഓഫീസർ ആവുക എന്നതാണ് അയാളുടെ ലക്‌ഷ്യം. പക്ഷെ അങ്ങനെയിരിക്കുമ്പോൾ അയാളുടേയും കുടുംബത്തിന്റെയും ജീവിതം ഒരു രാത്രി അപ്രതീക്ഷിതമായി കീഴ്മേൽ മറിയുകയാണ്. സമൂഹത്തിൽ വളരെയധികം സ്വാധീനമുള്ള ഒരു ഫാക്ടറി ഉടമയും അയാളുടെ ആളുകളുമാണ് അതിനു കാരണമാകുന്നത്. ബാബുരാജ് ആണ് ഈ ഫാക്ടറി ഉടമ ആയി എത്തുന്നത്. തന്റെയും കുടുംബത്തിന്റെയും ജീവിതം മോശമായ അവസ്ഥയിൽ കൊണ്ടെത്തിച്ചവരോട് പ്രതികാരം ചെയ്യാനുള്ള ലക്ഷ്യവുമായി വിശാൽ കഥാപാത്രം തുനിഞ്ഞു ഇറങ്ങുന്നതോടെയാണ് ഈ ചിത്രം ഉണരുന്നത് എന്ന് പറയാം. ഒരു സാധാരണക്കാരൻ വലിയ ശക്തികളോട് പൊരുതുമ്പോൾ എന്ത് സംഭവിക്കുന്നു എന്നാണ് ഈ ചിത്രം കാണിച്ചു തരുന്നത്.
ഇതുവരെ കാണാത്തതോ കേൾക്കാത്തതോ ആയ കഥയൊന്നുമല്ല ഈ ചിത്രം പറയുന്നത് എങ്കിലും, അത് അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ഇതിനെ ഗംഭീരമാക്കുന്നതു. ആദ്യം മുതൽ അവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, പ്രേക്ഷകരെ രസിപ്പിക്കാൻ ഇതിനു കഴിയുന്നുണ്ട്. എല്ലാ വിനോദ ഘടകങ്ങളും കൃത്യമായ അളവിൽ കോർത്തിണക്കിയ ഒരു തിരക്കഥയും, അതിനു നൽകിയ ആവേശകരമായ ദൃശ്യഭാഷയുമാണ് വീരമേ വാഗൈ സൂടും എന്ന ഈ ചിത്രത്തെ സാധാരണ പ്രേക്ഷകരുടെ മനസ്സുമായി ചേർത്ത് നിർത്തുന്നത്. സീനുകൾ പ്രവചനാതീതം അല്ലെങ്കിലും അത് പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിൽ ആയതു കൊണ്ട് തന്നെ ഈ ചിത്രം നല്ലൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. അതിനു നവാഗതനായ തു പ ശരവണൻ അഭിനന്ദനം അർഹിക്കുന്നു. വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതി മനോഹരമായി ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആവേശകരമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക രംഗങ്ങളിലും ഗംഭീര പ്രകടനം കാഴ്ച വെച്ച വിശാലിന്റെ പ്രകടനം എടുത്തു പറഞ്ഞേ പറ്റു. ഇന്റെർവെലിന് തൊട്ടു മുൻപുള്ള രംഗം അതിഗംഭീരമാണ് എന്ന് എടുത്തു പറയേണ്ടി വരും.
പിന്നീട് പറയേണ്ടത് വില്ലനായി എത്തിയ ബാബുരാജിന്റെ പ്രകടനമാണ്. തമിഴ് സിനിമയിലെ തന്റെ ആദ്യ വില്ലൻ വേഷം തന്നെ അതിഗംഭീരമാക്കാൻ ഈ നടന് സാധിച്ചിട്ടുണ്ട്. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശരീര ഭാഷ കൊണ്ടും ആക്ഷൻ സീനിലെ പ്രകടനം കൊണ്ടും ബാബുരാജ് മികച്ചു നിന്നു. രവീണ രവി ശ്രദ്ധ നേടുന്ന പ്രകടനം നൽകിയപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിംപിൾ ഹയാത്തി, യോഗി ബാബു, കുമരവേൽ, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ് പി ആർ എന്നിവരും മികച്ചു നിന്നു. യുവാൻ ശങ്കർ രാജ ഒരുക്കിയ സംഗീതം, കാവിൻ രാജ് ഒരുക്കിയ ദൃശ്യങ്ങൾ എന്നിവ ഈ ചിത്രത്തിന് പകർന്നു നൽകിയ കരുത്തു ചെറുതൊന്നുമല്ല. അതിനൊപ്പം ശ്രീകാന്തിന്റെ എഡിറ്റിംഗ് മികവും കൂടിയായപ്പോൾ സാങ്കേതികമായും ഈ ചിത്രം ഉന്നത നിലവാരമാണ് പുലർത്തിയത്. പിന്നീട് എടുത്തു പറയേണ്ടത് ആക്ഷൻ സംവിധായകർ ആയ രവി വർമ്മ, അനൽ അരശ്ശ് എന്നിവർ ഒരുക്കിയ സംഘട്ടനങ്ങളുടെ മികവാണ്.
ഏതായാലും ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന, മാസ്സ് ചിത്രങ്ങൾ ഇഷ്ടപെടുന്ന, പ്രതികാര കഥകൾ ഇഷ്ടപെടുന്ന എല്ലാ സാധാരണ പ്രേക്ഷകർക്കും ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കാൻ വീരമേ വാഗൈ സൂടും എന്ന ഈ വിശാൽ ചിത്രത്തിന് സാധിക്കും എന്ന് നിസംശയം പറയാം. ഈ അടുത്തകാലത്ത് വന്ന വിശാലിന്റെ തന്റെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമെന്നും നമ്മുക്ക് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കും.