വില്ലൻ : വൈകാരികമായ കുറ്റാന്വേഷണ ചിത്രം

Advertisement

തന്റെ കുടുംബ ജീവിതത്തിൽ നടന്ന ഒരു ട്രാജഡി മൂലം മാനസികമായി തളർന്ന മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഏഴ് മാസത്തെ അവധി കഴിഞ്ഞ്‌ സർവ്വീസിൽ തിരിച്ചെത്തുന്നു. അന്ന് തന്നെ സർവീസിൽ നിന്നും വിരമിച്ചു ഒരു യാത്രയ്ക്ക് ഒരുങ്ങുന്ന മാത്യു മാഞ്ഞൂരാനെ തേടി ഒരു കൊലപാതക കേസ് എത്തുന്നു. അപ്രതീക്ഷിതമായി എത്തിയ ആ കേസ് മാത്യു മാഞ്ഞൂരാന് തെളിയിക്കാൻ സാധിക്കുമോ എന്നതാണ് വില്ലൻ പറയുന്നത്.

തന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും വില്ലനിലെ മാത്യു മാഞ്ഞൂരാൻ എന്ന് വില്ലന്റെ ഓഡിയോ റിലീസ്‌ വേളയിൽ നടൻ മോഹൻലാൽ പറഞ്ഞിരുന്നു. അത് സത്യമെന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് വെള്ളിത്തിരയിൽ കാണാൻ സാധിക്കുന്നത്. മാത്യു മാഞ്ഞൂരാൻ എന്ന പോലീസുകാരന്റെ വൈകാരിക തലത്തിലൂടെയാണ് വില്ലൻ കടന്നു പോകുന്നത്. വളരെ കൺട്രോൾഡ് ആയ രീതിയിൽ ഇമോഷനുകൾ മോഹൻലാൽ എന്ന അതുല്യ പ്രതിഭ സ്‌ക്രീനിൽ വിരിയിക്കുന്നുണ്ട്. വളരെ നാളുകൾക്ക് ശേഷം മോഹൻലാലിന് ലഭിക്കുന്ന അഭിനയ പ്രാധാന്യമുള്ള വേഷമാണ് വില്ലനിലേത്.

Advertisement

കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് പറയാൻ കഴിയുന്ന വിധം നായക കഥാപാത്രത്തിലൂടെയുള്ള സഞ്ചാരമാണ് വില്ലനിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നടത്തിയിരിക്കുന്നത്. ത്രില്ലർ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന പിരിമുറുക്കമുള്ള കഥാഗതികളിൽ നിന്നും മാറി പതിഞ്ഞ താളത്തിലാണ് വില്ലൻ നീങ്ങുന്നത്.

മോഹൻലാലിനൊപ്പം കയ്യടി നേടുന്ന പ്രകടനമാണ് തമിഴ് നടൻ വിശാൽ വില്ലനിൽ കാഴ്ചവെച്ചത്. തമിഴിൽ നിന്നും വെറുതെ ഒരു താരത്തെ കൊണ്ടുവരുന്നതിന് പകരം വിശാൽ എന്ന നടനെ നന്നായി സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. നായികമാരായി എത്തിയ മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന എന്നിവരും സിദ്ധിക്ക്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, ശ്രീകാന്ത്, അജു വർഗീസ് തുടങ്ങിയ താരങ്ങളും തങ്ങളുടെ വേഷത്തോട് നീതി പുലർത്തുന്നു.

മനോജ് പരമഹംസ, ഏകാമ്പരം എന്നിവരുടെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് പാറ്റേണും സുഷീൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങളും മികച്ചതായിരുന്നു. അനവസരങ്ങളിലെ ഗാനങ്ങൾ, നായകന്റെ ഓർമ്മകളിൽ വന്ന വിഎഫ്എക്സ് രംഗങ്ങൾ എന്നിവ കല്ല് കടിയാകുന്നുണ്ട്. ചില ചോദ്യങ്ങളും പ്രേക്ഷകന് ബാക്കിയാകുന്നു.

പരിചിതമായ കഥാഗതി ആണെങ്കിലും നിശിതമായ സംഭാഷണങ്ങൾ കൊണ്ട് കഥാപാത്രത്തിന്റെ കാഴ്ചപാടുകളിലൂടെയും ഇമോഷനുകളിലൂടെയുമുള്ള കഥ പറച്ചിലാണ് വില്ലനെ വ്യത്യസ്തമാക്കുന്നത്. ഒരു ത്രില്ലർ ചിത്രം എന്നതിന് പകരം വൈകാരികമായ ഒരു കുറ്റാന്വേഷണ ചിത്രം എന്ന രീതിയിൽ സമീപിക്കേണ്ട ഒന്നാണ് വില്ലൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close