മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശമല്ലാത്ത റിവ്യൂ ഇതാ..!

Advertisement

കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായ വട്ടമേശ സമ്മേളനം മലയാള സിനിമയിലെ നവവിപ്ലവങ്ങളിൽ ഒന്നാണ്. വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ആറു സംവിധായകർ ചേർന്ന് ഒരുക്കിയ അഞ്ചു ചിത്രങ്ങൾ ചേർന്നതാണ് വട്ടമേശ സമ്മേളനം എന്ന ആന്തോളജി ചിത്രം. പാഷാണം ഷാജി സംവിധാനം ചെയ്ത കറിവേപ്പില, വിപിൻ ആറ്റ്ലി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പർർ, വിജീഷ് എ സി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സൂപ്പർ ഹീറോ, സാഗർ അയ്യപ്പൻ ഒരുക്കിയ ദൈവം നമ്മുടെ കൂടെ, നൗഫൽ നൗഷാദ്, അമരേന്ദ്രൻ ബൈജു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത മാനിയാക് എന്നിവയാണ് ആ ചിത്രങ്ങൾ.

മലയാള സിനിമയിലെ ഏറ്റവും മോശം സിനിമ എന്ന പേരിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഈ പോസ്റ്ററുകൾ, ട്രൈലെർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. എം സി സി സിനിമാ കമ്പനിയുടെ ബാനറിൽ അമരേന്ദ്രൻ ബൈജു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ രസകരമായ ഒരു സ്പൂഫ് പോലെയാണ് വട്ടമേശ സമ്മേളനം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. മലയാള സിനിമയിലും സമൂഹത്തിലും നടക്കുന്ന ഒരുപാട് കാര്യങ്ങളെ വളരെ രസകരമായ രീതിയിൽ വിമർശിച്ചിട്ടുണ്ട് ഈ ചിത്രം.

Advertisement

ഒരു സ്പൂഫ് ഫിലിം എന്നോ സറ്റയർ എന്നോ ഒക്കെ വിളിക്കാവുന്ന തരത്തിൽ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം പൊട്ടിചിരിപ്പിക്കുന്നതിനൊപ്പം തന്നെ, ആ ചിരിയിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ആന്തോളജി മൂവി. സ്പൂഫ് ഫിലിമുകളും സറ്റയർ ചിത്രങ്ങളും ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ ഒരുപാട് തൃപ്‌തരാക്കുന്ന സിനിമയാണ് വട്ടമേശ സമ്മേളനം. വിപിൻ ആറ്റ്ലി ഒരുക്കിയ പർർ എന്ന ചിത്രമാണ് കൂട്ടത്തിൽ ഏറ്റവും രസകരം.

മേജർ രവിയെ അദ്ദേഹത്തിന്റെ കഥാപാത്രം തന്നെ ട്രോളുന്ന രസകരമായ കാഴ്ചയും ഈ ചിത്രത്തിൽ കാണാം. ഒടിയൻ എന്ന ചിത്രത്തേയും, ടോവിനോ തോമസ്, സുരേഷ് ഗോപി, ശ്രീകുമാർ മേനോൻ, കാണിപ്പയൂർ എന്നിവരെയും വളരെ രസകരമായി ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രം വിമർശിച്ചിട്ടുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ ഒരുപാട് തഗ് ലൈഫ് നിമിഷങ്ങൾ പ്രേക്ഷകർക്ക് കാണാൻ കഴിയുന്ന ചിത്രമായിരിക്കും വട്ടമേശ സമ്മേളനം എന്ന് പറയാം.

മേജർ രവി, വിപിൻ ആറ്റ്ലി, പാഷാണം ഷാജി, ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, നോബി, സോഹൻ സീനുലാൽ, ജിസ് ജോയ്, കലിംഗ ശശി, സുധി കോപ്പ, ആദിഷ് പ്രവീൺ, ഗോകുൽ, അമരേന്ദ്രൻ ബൈജു, മറീന മൈക്കൽ, അഞ്ജലി നായർ അക്ഷതിത, ദീപ എസ്തർ, ശ്രീജ, സരിത, സൗമ്യ തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ എൺപതോളം പുതുമുഖങ്ങൾ ആണുള്ളത്. അഭിനേതാക്കൾ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് പറയാം. ശശി കലിംഗ, ആദിഷ് പ്രവീൺ എന്നിവരുടെ പ്രകടനത്തെ എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ടി വരും. അത്ര മനോഹരമായി അവർ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിലെ ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ച ഔജനി ഐസക്, പ്രദീപ് നായർ, നജീബ് ഖാൻ, സന്തോഷ് അനിമ, വിപിൻ സുധാകർ, രാജേഷ് നാരായണൻ എന്നിവർ മികച്ച രീതിയിൽ തന്നെ ദൃശ്യങ്ങൾ ഒരുക്കിയത് ഈ ചിത്രത്തിന് സാങ്കേതികമായി ഉയർന്ന നിലവാരം പകർന്നു നൽകിയിട്ടുണ്ട്. വൈശാഖ് സോമനാഥ് ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ ഇതിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത രാജേഷ്, രതീഷ് രാജ്, അമീർ, ജോവിന് ജോൺ എന്നിവരും ചിത്രത്തിന് വളരെ സുഗമമായ താളവും ഒഴുക്കും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, വളരെ വ്യത്യസ്തവും രസകരവുമായ ഒരു സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് വട്ടമേശ സമ്മേളനം. കണ്ടു മടുത്ത സിനിമാ കാഴ്ചകളിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കുന്ന ഒരു മോചനം തന്നെയാണ് വട്ടമേശ സമ്മേളനം നമ്മുക്ക് പകർന്നു നൽകുന്ന അനുഭവം. അത് തന്നെയാണ് ഈ ചിത്രത്തെ മികച്ചതാകുന്ന ഘടകവും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close