നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റർ ആണ് ഇന്ന് പ്രദർശനമാരംഭിച്ച പ്രധാന ചിത്രങ്ങളിൽ ഒന്ന്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് നിർമ്മിച്ച ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ, ട്രൈലെർ, എന്നിവയിലൂടെ മികച്ച ജനശ്രദ്ധയാണ് ദി കുങ്ഫു മാസ്റ്റർ പിടിച്ചു പറ്റിയത്. മാർഷ്യൽ ആർട്സ് അടിസ്ഥാനമാക്കി മലയാളത്തിൽ ഒരുങ്ങിയ ആദ്യ ചിത്രം എന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിൽ പ്രേക്ഷകർ വലിയ പ്രതീക്ഷകളും വെച്ച് പുലർത്തിയിരുന്നു.
ഒരു പ്രതികാര കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് മേല്പറഞ്ഞ പോലെ നീത പിള്ള, ജിജി, സനൂപ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ആണ്. റിഷി, റാം ഒരു കുങ്ഫു മാസ്റ്റർ എന്നിവരുടെ കുടുംബത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രതികാരത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ലൂയിസ് ആന്റണി എന്ന കഥാപാത്രത്തിന് എതിരെ തെളിവുകൾ നൽകുന്ന ഒരു പോലീസ് ഇൻഫോമർ ആയി റിഷി മാറുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.
ദി കുങ്ഫു മാസ്റ്റർ ഒരു മാസ്സ് മസാല ചിത്രമല്ല. എന്നാൽ കിടിലൻ ആക്ഷൻ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ചിത്രമാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്തിയ ഒരു ചിത്രം തന്നെയാണ് എബ്രിഡ് ഷൈൻ ഇത്തവണയും ഒരുക്കിയത് എന്ന് പറയാം. വളരെ മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട ഒരു ആക്ഷൻ ത്രില്ലർ ആണ് ദി കുങ്ഫു മാസ്റ്റർ. ഒരേ സമയം വൈകാരികതക്കും ആക്ഷനും ആവേശകരമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം വന്ന പൂമരം വിചാരിച്ച പോലെ ഒരു വലിയ വിജയം നേടിയില്ലെങ്കിലും ദി കുങ്ഫു മാസ്റ്റർ ആ തിരിച്ചടിയെ മറികടക്കുന്ന മികവിൽ തന്നെ ഒരുക്കാൻ എബ്രിഡ് ഷൈൻ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ മികച്ച ഒരു തിരക്കഥയാണ് അദ്ദേഹം ഈ ചിത്രത്തിനായി ഒരുക്കിയത്. പക്ഷെ ആ തിരക്കഥക്കു ഈ സംവിധായകൻ ഒരുക്കിയ ദൃശ്യ ഭാഷയാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ആദ്യാവസാനം ആവേശം കൊള്ളിക്കുന്ന ഈ ചിത്രം വൈകരികാംശമുള്ള ഒരു കഥയും കൂടി പറയുന്നിടത്തു ആണ് പുതുമ പുലർത്തുന്നത്.
നീത പിള്ള, ജിജി സ്കറിയ, സനൂപ് എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പതർച്ചകളില്ലാതെ വളരെ നിയന്ത്രണത്തോടെയും കയ്യടക്കത്തോടെയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്താൻ ഇവർക്കായി എന്നത് അഭിനന്ദിക്കപ്പെടേണ്ട വസ്തുതയാണ്. ഇവർ ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ മികവ് ഞെട്ടിക്കുന്നതായിരുന്നു. ഏതൊരു പുതുമുഖത്തിനും ഏറ്റവും വെല്ലുവിളിയാവുമായിരുന്ന രംഗങ്ങൾ പലതും വളരെ അനായാസമാണ് ഈ യുവ നടീനടന്മാർ അവതരിപ്പിച്ചത്. ഇവരോടൊപ്പം സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രൺജിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി എന്ന് പറയാം.
അർജുൻ രവി ഒരുക്കിയ ദൃശ്യങ്ങൾ വളരെ മികവ് പുലർത്തിയപ്പോൾ കെ ആർ മിഥുന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ വേഗതയെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ ഗംഭീരമാകുന്നതിൽ ദൃശ്യങ്ങളും എഡിറ്റിങ്ങും നിർവഹിച്ച പങ്കു വളരെ വലുതാണ്. ഇഷാൻ ചാബ്ര ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. ഗാനങ്ങൾ മനോഹരമായപ്പോൾ പശ്ചാത്തല സംഗീതംവും ഗംഭീരമായി.
ചുരുക്കി പറഞ്ഞാൽ ,ദി കുങ്ഫു മാസ്റ്റർ ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച ത്രില്ലർ ചിത്രമാണ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം ഗംഭീരമായ അവതരണ ശൈലി കൊണ്ടും താരങ്ങളുടെ കിടിലൻ പെർഫോമൻസ് കൊണ്ടും മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവം ആണ്.