ദളപതി വിജയ്‌യുടെ ‘വാരിസ്’: റിവ്യൂ വായിക്കാം

Advertisement

ദളപതി വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന ചിത്രമാണ് വാരിസ്. വംശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ്. ഏറെ നാളിന് ശേഷം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ വിജയ്‌യെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷകളാണ് ഈ ചിത്രത്തിന്റെ ട്രൈലെർ സമ്മാനിച്ചത്. അത്കൊണ്ട് തന്നെ അത്തരമൊരു പക്കാ ഫാമിലി എന്റെർറ്റൈനെർ പ്രതീക്ഷിച്ചു തന്നെയാണ് ഭൂരിഭാഗം വിജയ് ആരാധകരും ആദ്യ ഷോ കാണാൻ ഇടിച്ചു കയറിയത്. അവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തി എന്ന് പറയാൻ സാധിക്കില്ലെങ്കിലും നിരാശരാക്കാതെ മടക്കി അയച്ച ഒരു ചിത്രമാണ് വാരിസ് എന്ന് പറയാം.

പുതുമയൊന്നും അവകാശപെടാനാവുന്ന ഒരു കഥാപശ്ചാത്തലമല്ല വാരിസിനുള്ളത്. ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള കുടുംബം, ബിസിനസ് വാർ, വൈകാരിക നിമിഷങ്ങൾ എന്നിവ ഉള്ള ഒരു കഥയിലേക്ക് വിജയ് മാനറിസങ്ങളും മാസ്സ് രംഗങ്ങളും ചേർത്താണ് ഈ ചിത്രം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. എന്നാൽ അതിൽ ആശ്വാസം നൽകുന്ന ഘടകം വിജയ്‌യെ ഏറെ നാളുകൾക്ക് ശേഷം കോമെഡിയും, വൈകാരിക മുഹൂർത്തങ്ങളും ചെയ്യുന്ന ഒരു നടനായി കൂടി കാണാൻ കഴിഞ്ഞു എന്നതാണ്. ആരാധകർക്കു വേണ്ട സ്ഥിരം ശൈലിയിലുള്ള പാട്ടും നൃത്തവും സംഘട്ടനവും പഞ്ച് ഡയലോഗുകളുമെല്ലാം കൃത്യമായി ചേർത്ത തിരക്കഥയിലുള്ള വൈകാരിക നിമിഷങ്ങൾ പ്രേക്ഷകരുമായി ഒരു പരിധി വരെ ബന്ധിപ്പിക്കാൻ സാധിച്ചു എന്നിടത്താണ് വാരിസ് ശരാശരി അനുഭവം സമ്മാനിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആയി മാറുന്നത്. വിജയ്‌യുടെ മാസ്സ് ഡയലോഗുകളും സംഘട്ടന രംഗങ്ങളും മികച്ച രീതിയിൽ ഒരുക്കിയതും, ദൃശ്യ മികവോടുകൂടി ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതും തീയേറ്ററുകളിൽ ആവേശം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നു.

Advertisement

നായികാ വേഷം ചെയ്ത രശ്‌മിക മന്ദാന പാട്ടിൽ നൃത്തം ചെയ്യാൻ വരുന്ന ഒരാൾ എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നു. അഭിനേത്രി എന്ന നിലയിൽ അവർ പൂർണ്ണ പരാജയമായിരുന്നു ഈ ചിത്രത്തിൽ എന്ന് പറയേണ്ടി വരും. വിജയ് കൂടാതെ കയ്യടി നേടിയത് കുറച്ചു സീനുകളിൽ വന്ന യോഗി ബാബു ആണ്. വിജയ്- യോഗി ബാബു സീനുകൾ രസകരമായിരുന്നു. ശരത് കുമാർ, ജയസുധ എന്നിവരും മികച്ചു നിന്നപ്പോൾ വില്ലൻ വേഷം അവതരിപ്പിച്ച പ്രകാശ് രാജിന്റെ കഥാപാത്രത്തിന് വേണ്ടത്ര ശക്തി ഇല്ലാതിരുന്നത് ഈ ചിത്രത്തിന് തിരിച്ചടിയായി. കുടുംബത്തിന്റെ ബിസിനെസ്സ് സാമ്രാജ്യത്തിൽ നിന്ന് മാറി നിന്നു ജീവിതം ആസ്വദിക്കുന്ന ഇളയ മകൻ തിരികെ വന്ന് എല്ലാം ഏറ്റെടുത്ത്, കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കുകയും, ശത്രുക്കളെ അടിച്ചിരുത്തുകയും ചെയ്യുന്ന പ്ലോട്ടിൽ നിന്ന്‌ കൊണ്ട്, വിജയ് എന്ന നടനെ ഏവർക്കും ഇഷ്ട്ടപ്പെടുന്ന അദ്ദേഹത്തിന്റെ വിൻറ്റേജ് സ്റ്റൈലിൽ അവതരിപ്പിക്കാൻ വംശിക്ക് കഴിഞ്ഞതാണ് ഈ ചിത്രത്തെ ശരാശരി ഒരു സിനിമാനുഭവമാക്കി മാറ്റുന്നത്.

എസ് തമൻ ഒരുക്കിയ സംഗീതം മികച്ചു നിന്നതും ചിത്രത്തിന് ഗുണമായി. എന്നാൽ രണ്ടേമുക്കാൽ മണിക്കൂറോളമുള്ള ദൈർഘ്യം, പല സമയത്തും ചിത്രത്തിന്റെ വേഗത കുറഞ്ഞു പോകുന്ന ഫീൽ നൽകുന്നുണ്ട്. ഫാമിലി ഇമോഷൻസ് പല സ്ഥലത്തും മോശമില്ലാതെ വന്നപ്പോൾ, മറ്റു ചില സ്ഥലങ്ങളിൽ കുറച്ചു മെലോഡ്രാമ ആയതും കല്ലുകടിയായി. എന്നിരുന്നാലും ശരാശരി നിലവാരം പുലർത്തുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ഫെസ്റ്റിവൽ ചിത്രമെന്ന് വാരിസിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ഈ ഉത്സവ സീസണിൽ കുടുംബമായി പോയിരുന്നു കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് വാരിസ് എന്ന് പറയാം. അതുപോലെ തന്നെ വിജയ് ആരാധകർക്കും ഈ ചിത്രം സംതൃപ്തി നൽകും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close