സൗബിൻ ഷാഹിർ ആദ്യമായി നായകനായെത്തുന്ന സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തി.
ആഫ്രിക്കൻ നടൻ സാമുവൽ അബിയോളയും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം ഇതിന്റെ വ്യത്യസ്തമായ പേര് കൊണ്ടും അതുപോലെ മികച്ച പ്രൊമോഷൻ കൊണ്ടുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ റിലീസിന് മുന്നേ ശ്രദ്ധ നേടിയെടുത്തിരുന്നു. സൗബിൻ ഷാഹിർ, സാമുവൽ അബിയോള എന്നിവർ അവതരിപ്പിക്കുന്ന മജീദ്, സാമുവൽ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. ആഫ്രിക്കൻ താരങ്ങൾ കൂടി കളിക്കുന്ന സെവൻസ് ഫുട്ബോൾ മാച്ചുകൾ മലബാറിൽ സാധാരണമായ കാഴ്ചയാണ്. അങ്ങനെയൊരു ഫുട്ബോൾ ടീമിന്റെ മാനേജർ ആണ് മജീദ്. മജീദിന്റെ ടീമിൽ കളിക്കാനായി എത്തുന്ന നൈജീരിയൻ ഫുട്ബോൾ പ്ലയെർ ആണ് സാമുവൽ. ആഫ്രിക്കൻ പ്ലയേഴ്‌സിനെ അവിടെ നാട്ടുകാർ സുഡാനി എന്നാണ് വിളിക്കുന്നത്. അങ്ങനെ അവിടെ കളിക്കാൻ വന്ന സുഡാനികളിലെ സ്റ്റാർ പ്ലയെർ ആണ് സാമുവൽ.
പക്ഷെ നിർഭാഗ്യകരമായി സംഭവിക്കുന്ന ഒരു പരിക്ക് മൂലം സാമുവലിനു കുറച്ചു നാൾ മജീദിന്റെ വീട്ടിൽ കിടപ്പിലാവേണ്ടി വരുന്നു. അവിടെ വെച്ചാണ് അവൻ മജീദിന്റെ ഉമ്മയെയും അയൽപ്പക്കത്തുള്ള മറ്റൊരു വയസ്സായ ഉമ്മയെയും പരിചയപ്പെടുന്നത്. അവിടെ നിന്ന് ഈ രണ്ടു കഥാപാത്രങ്ങൾ ആണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഒരു സാധാരണ ഗ്രാമത്തിലെ സ്ത്രീകളുടെ സ്നേഹവും നിഷ്കളങ്കതയും അവരുടെ രംഗങ്ങളിലൂടെ സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നു. സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവരാണ് ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.
മജീദും സാമുവലും ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളിൽ ആണ് നിൽക്കുന്നത്. കാരണം മജീദ് ഫുട്ബോൾ എന്ന കളിയെ ആണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്. അതിനു വേണ്ടിയാണു അവൻ ടീം ഒക്കെ കൊണ്ട് നടക്കുന്നത്. എന്നാൽ സാമുവൽ ആവട്ടെ, പണമുണ്ടാക്കാൻ വേണ്ടിയാണു ഫുട്ബോൾ കളിക്കുന്നത്. കാരണം അവന്റെ നാട്ടിൽ അച്ഛനും അമ്മയും ഇല്ലാതെ അവന്റെ രണ്ടു അനുജത്തിമാർ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. ആഫ്രിക്കൻ സിവിൽ വാർ അവരെ തകർത്തു കളഞ്ഞു. സ്വസ്ഥമായും സന്തോഷമായും ജീവിക്കാൻ സാധിക്കുന്ന ഒരു പുതിയ ലോകമാണ് അവന്റെ സ്വപ്നം. അതിനായി പണമുണ്ടാക്കാൻ ആണ് അവൻ കളിക്കുന്നത്.
സൗബിനും സാമുവലും ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്. സൗബിൻ ഷാഹിർ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്. വളരെ സ്വാഭാവികമായി, വളരെ അനായാസതയോടെ സൗബിൻ തന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ഒരു നടൻ എന്ന നിലയിലുള്ള തന്റെ റേഞ്ച് ആണ് സൗബിൻ ഈ ചിത്രത്തിലൂടെ കാണിച്ചു തന്നത്.
ഏറ്റവും മികച്ച രീതിയിലും അതുപോലെ തന്നെ ക്ലിഷേകൾ ഒഴിവാക്കിയും ആണ് സക്കറിയ എന്ന നവാഗതൻ ഈ ചിത്രമൊരുക്കിയത്. പ്രധാന വിഷയത്തിൽ നിന്ന് മാറി പോകാതെ തന്നെ ഒരുപാട് രസകരമായതും അതോടൊപ്പം മനസ്സിനെ തൊടുന്നതുമായ മുഹൂർത്തങ്ങൾ ഈ ചിത്രത്തിൽ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും അവരിൽ നിന്ന് ഞെട്ടിക്കുന്ന പെർഫോമൻസ് പുറത്തെടുക്കാൻ കഴിഞ്ഞതിലും സക്കറിയ എന്ന സംവിധായകൻ കാണിച്ച മികവാണ് ഈ ചിത്രത്തെ ഇത്രയും മികച്ചതാക്കിയത് എന്ന് തന്നെ പറയാം.