പ്രശസ്ത തമിഴ് നടൻ ശിവകാർത്തികേയൻ നായകനായി എത്തിയ ഡോൺ എന്ന തമിഴ് ചിത്രമാണ് ഈയാഴ്ച്ച കേരളത്തിൽ പ്രദർശനമാരംഭിച്ച പ്രധാന ചിത്രങ്ങളിലൊന്ന്. സിബി ചക്രവർത്തി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ആരാധകർ പ്രതീക്ഷിക്കുന്ന ഒരു പക്കാ കളർഫുൾ എന്റർടൈനറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു. അവർ പ്രതീക്ഷിക്കുന്നത് കൃത്യമായി തന്നെ നൽകാനും സാധിച്ചുവെന്നതാണ് ഡോൺ എന്ന ചിത്രത്തെ ഒരു വിജയമാക്കി മാറ്റുന്നത്.
ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ, ചക്രവർത്തി എന്ന് പേരുള്ള നായകനായാണ് ശിവകാർത്തികേയനെത്തുന്നത്. കോളേജിലെ നിയമങ്ങളോടും അച്ചടക്കത്തോടും മുഖം തിരിഞ്ഞു നിൽക്കുന്ന, എന്താണ് തനിക്കു ലൈഫിൽ ചെയ്യേണ്ടത് എന്നതിനെ പറ്റി സദാ ചിന്താകുഴപ്പമുള്ള വിദ്യാർത്ഥിയായി ശിവകാർത്തികേയനെത്തുമ്പോൾ, കോളേജിലെ അച്ചടക്ക സമിതിയുടെ കൂടി തലവനായ പ്രൊഫസർ ഭൂമിനാഥനായി എസ് ജെ സൂര്യ എത്തുന്നു. ഇവർക്കിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. അതോടൊപ്പം അപ്രതീക്ഷിതമായി കടന്നു ഇതിലെ വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന്റെ കഥാഗതിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
ആരാധകർക്ക് ആഘോഷമാക്കാനുള്ള ഒരു കമ്പ്ലീറ്റ് എന്റർടൈൻമെൻറ് പാക്കേജാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. കഥയേക്കാൾ അതവതരിപ്പിച്ചിരിക്കുന്ന രീതിയിലാണ് സംവിധായകൻ പുതുമ കൊണ്ട് വന്നിരിക്കുന്നത്. തമിഴ് സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നതെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനൊപ്പം തന്നെ വളരെ ചടുലമായും രസകരമായും കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചില കോമഡി സീനുകൾ ഗംഭീരമായപ്പോൾ ചിലതു പ്രേക്ഷകരെ ചിരിപ്പിക്കാതെയും പോകുന്നുണ്ട്. എന്നിരുന്നാലും കഥാ സന്ദർഭങ്ങൾ രസകരമായി അവതരിപ്പിച്ചതിലൂടെ പ്രേക്ഷരെ പിടിച്ചിരുത്താൻ സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും സിബി ചക്രവർത്തിക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ സ്കൂൾ കാലഘട്ട രംഗങ്ങളും അതുപോലെ പ്രണയ രംഗങ്ങളും മികവ് പുലർത്തി. സ്ഥിരം കണ്ടു വരുന്നവ തന്നെയാണെങ്കിലും അത് പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ കാണിച്ച പുതുമയാണ് അത്തരം സീനുകൾ പ്രേക്ഷകരെ ബോറടിപ്പിക്കാതെയിരുന്നതിനുള്ള കാരണം. ശിവകാർത്തികേയൻ- എസ് ജെ സൂര്യ മത്സരം അവരുടെ പ്രകടന മികവ് കൊണ്ട് കൂടിയാണ് രസകരമായത്. സംഭാഷണങ്ങൾ ഒരുക്കിയ രീതിയും അതുപയോഗിച്ച രീതിയും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മികവ് ഉയർത്തിയത് ഇതിലെ വൈകാരിക രംഗങ്ങളാണ്. അത്ര മനോഹരമായി തന്നെ ആ രംഗങ്ങൾ സിബി രചിച്ചിട്ടുമുണ്ട്, ഒരുക്കിയിട്ടുമുണ്ട്.
ശിവകാർത്തികേയന്റെ എനെർജറ്റിക്കായുള്ള പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്റായ ചക്രവർത്തിയായി ശിവകാർത്തികേയൻ നൽകിയത്. അതോടൊപ്പം ഒരിക്കൽ കൂടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ എസ് ജെ സൂര്യയും നിറഞ്ഞു നിന്നു. നായികാ വേഷം ചെയ്ത പ്രിയങ്ക അരുൾ മോഹൻ മികച്ച പ്രകടനത്തോടെ പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ, ഗംഭീര പ്രകടനം കൊണ്ട് ഞെട്ടിച്ച മറ്റൊരാൾ നായക കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ച സമുദ്രക്കനിയാണ്. ഇത്രയും പേരൊഴികെ മറ്റുകഥാപാത്രങ്ങൾക്കൊന്നും കാര്യമായി ചെയ്യാനുണ്ടായിരുന്നില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂരി, കാളി വെങ്കട്, ബാല ശരവണൻ രാധ രവി, മുനിഷ്‌കാന്ത്, സിവാങ്കി, മനോബാല എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി എന്ന് പറയാം. അനിരുദ്ധ് രവിചന്ദർ ഒരിക്കൽ കൂടി തന്റെ അടിപൊളി പാട്ടുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. കെ എം ഭാസ്കരൻ നൽകിയ ദൃശ്യങ്ങൾ കളർഫുൾ ആയിരുന്നു. ചടുലമായി കഥ പറയാൻ സംവിധായകനെ സഹായിച്ചത് നഗൂരൻ എന്ന എഡിറ്ററുടെ മികവ് കൂടിയാണ്.
ചുരുക്കി പറഞ്ഞാൽ, ശിവകാർത്തികേയൻ ആരാധകർക്കും, ഫൺ, നൊസ്റ്റാൾജിക് ക്യാമ്പസ് ചിത്രങ്ങളുടെ ആരാധകർക്കും ഒരുപാട് ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് ഡോൺ. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത, ഒരു പൈസ വസൂൽ എന്റർടൈനറാണ് സിബി ചക്രവർത്തി- ശിവകാർത്തികേയൻ ടീം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരുപാട് ചിരിപ്പിക്കാനും, ഒന്ന് കണ്ണ് നനയിക്കാനും, ഒപ്പം നമ്മുടെ സ്‌കൂൾ- കോളേജ് കാലഘട്ടം ഓർമ്മിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ മികവും വിജയവും.