മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ബാദുഷ പ്രൊഡക്ഷൻസ് ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വേല കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.
ഒരു ക്രൈം ഡ്രാമ ആയത് കൊണ്ടും ത്രില്ലർ സ്വഭാവം ഉള്ളത് കൊണ്ടും കൂടുതൽ വിശദമായി ഈ ചിത്രത്തിന്റെ കഥാസാരം വെളിപ്പെടുത്തുന്നത് ഉചിതമല്ല. എന്നിരുന്നാലും, പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം മുന്നോട്ട് നീങ്ങുന്നത് ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് അഗസ്റ്റിൻ, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജ്ജുനൻ എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതങ്ങളിലൂടെയാണ്. വളരെ സത്യസന്ധനായ ഉല്ലാസ് എന്ന സിവിൽ പോലീസ് ഓഫീസറുടെ ജീവിതത്തിലേക്ക്, ഒരു ക്രൈം ആയി ബന്ധപ്പെട്ട വിഷയത്തിൽ, മല്ലികാർജ്ജുനൻ കടന്നു വരുന്നതോടെ, ചിത്രത്തിന്റെ ഗതി മാറുന്നു. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന ചില പ്രശ്നങ്ങളും പോലീസ് കണ്ട്രോൾ റൂമിലേക്ക് വരുന്ന ഒരു ഫോൺ കോളും കഥയെ മുന്നോട്ട് നയിക്കുന്നു.
ഒരു ഗംഭീര ക്രൈം ഡ്രാമ ഒരുക്കികൊണ്ടു തന്നെയാണ് ശ്യാം ശശി എന്ന പ്രതിഭ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ ശ്യാം പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ ശ്യാമിനും, തിരക്കഥ രചിച്ച സജാസിനും സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറായി കഥ പറയുമ്പോഴും, അതിനൊരു വൈകാരികമായ ആഴം സമ്മാനിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വേലയുടെ ഹൈലൈറ്റ്. ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക തികവോടെയും പ്രേക്ഷകന്റെ മുന്നിൽ വേല അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ശ്യാം ശശിയും സജാസും വിജയം നേടിയത് . പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന കഥാ സാഹചര്യങ്ങളും ഉദ്വേഗം പകരുന്ന നിമിഷങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കാരണമായിട്ടുണ്ട്.
എല്ലാത്തിലുമുപരി, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിൽ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന കാര്യങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളും വളരെ സത്യസന്ധമായി ആവിഷ്കരിക്കാനും ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെ മുന്നേറുന്നതാണ് ഈ ചിത്രത്തിന്റെ മികവ്.
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ തീവ്രമായും, വിശ്വസനീയമായുമാണ് ഇവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. മികച്ച കഥാപാത്ര രൂപീകരണം ആയിരുന്നു എങ്കിലും അഭിനേതാക്കളെന്ന നിലയിൽ ഈ കഥാപാത്രങ്ങൾക്ക് ഇവർ രണ്ടു പേരും നൽകിയ ശരീര ഭാഷയും സംഭാഷണ ശൈലിയും അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇവർ ഈ ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ ഇതിന്റെ ഹൈലൈറ്റാണെന്നു പറയാം.
മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ അനുഭവ സമ്പത്തിലൂടെ ഇരുത്തം വന്ന നടനായി സണ്ണി മാറിയിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലുള്ള പ്രകടനം. ഒരിടത്ത് പോലും സ്വാഭാവികതയുടെ വരമ്പുകൾ ലംഘിക്കാതെ സണ്ണി നടത്തിയ പ്രകടനം ഈ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സുമായി സംയോജിപ്പിക്കുന്നുണ്ട്. ശരീര ഭാഷക്കൊപ്പം സംസാര ഭാഷയിലും ശബ്ദ ക്രമീകരണത്തിലും സണ്ണി കൊണ്ട് വന്ന മാറ്റങ്ങൾ ഈ നടന്റെ പ്രകടനത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ കരുത്തും ആഴവും ചിത്രത്തെ ബലപ്പെടുത്തുന്നത് സണ്ണിയുടെ പ്രകടനത്തിന്റെ കൂടെ മികവിലാണ്.
ഉല്ലാസ് അഗസ്റ്റിനായി ഷെയ്ൻ നിഗം ഒരിക്കൽ കൂടി തന്റെ അനായാസമായ അഭിനയ ശൈലിയാണ് കാണിച്ചു തന്നത്. വളരെ സ്വാഭാവികമായി കഥാപാത്രമായി പെരുമാറാനുള്ള കഴിവാണ് ഷെയ്ൻ നിഗത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നമ്മളിലൊരാൾ എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കാൻ ഈ നടന് എപ്പോഴും സാധിക്കുന്നുണ്ട്. ആരെയും അനുകരിക്കാതെ, തന്റേതായ ഒരു കയ്യൊപ്പ് തന്റെ കഥാപാത്രങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്നു എന്നതാണ് ഷെയ്ൻ നിഗം എന്ന നടന്റെ വിജയം. ഉല്ലാസ് എന്ന കഥാപാത്രത്തിലും മനോഹരമായ ആ ഷെയ്ൻ നിഗം ടച്ച് നമ്മുക്ക് കാണാം. എന്നാൽ അതൊരിക്കലും കഥാപാത്രത്തിന്റെ പൂർണ്ണതയെ ബാധിക്കുന്നുമില്ല. മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരിൽ നമ്മൾ കാണുന്ന, വാക്കുകൾക്കൊപ്പം ഒഴുകുന്ന അനായാസമായ ശരീര ഭാഷയാണ് ഷെയ്ൻ നിഗത്തിന്റെയും ശക്തി.
നായികാ വേഷം ചെയ്യ്ത അതിഥി ബാലനും തന്റെ വേഷം മികച്ചതാക്കി. ചെറുതാണെങ്കിലും പൂർണ്ണമായും തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയ അതിഥി ബാലൻ കാഴ്ചവെച്ചത് ഓർത്തിരിക്കാവുന്ന പ്രകടനമാണ്. സിദ്ധാർഥ് ഭരതൻ, നമൃത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓരോരുത്തരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.
കാമറ കൈകാര്യം ചെയ്ത സുരേഷ് രാജൻ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. അദ്ദേഹത്തിന്റെ ഛായാഗ്രഹണം ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് തന്നെ വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. മഹേഷ് ഭുവനേന്ദ് എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.
മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് വേല. സാങ്കേതികമായും പ്രകടന മികവ് കൊണ്ടും, കഥാപരമായുമെല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുന്ന സിനിമാനുഭവമാണ് വേല സമ്മാനിക്കുന്നത്.