ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രമാണ് ഒരു വടക്കൻ സെൽഫി എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജി പ്രജിത് സംവിധാനം നിർവഹിച്ചു ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം രചിച്ചു പ്രശസ്തനായ സജീവ് പാഴൂർ രചന നിർവഹിച്ച ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് ഏറെ കാലത്തിനു ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന പ്രശസ്ത നടി സംവൃത സുനിൽ ആണ്. ഗ്രീൻ ടി വി എന്റെർറ്റൈനെർ, ഉർവശി തീയേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദിപ് സേനൻ, അനീഷ് എം തോമസ് എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിന്റെ ടീസർ, ഇതിലെ വീഡിയോ സോങ് എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ബിജു മേനോൻ അവതരിപ്പിച്ച സുനി എന്ന പ്രധാന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു വാർക്ക പണിക്കാരൻ ആയ സുനിയുടെ ഭാര്യ ഗീത ആയി എത്തുന്നത് സംവൃത സുനിൽ ആണ്. പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന സുനിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
മികച്ച വിജയം നേടിയ ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത് തന്റെ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു. ഒപ്പം ഗംഭീരമായ ഒരു തിരക്കഥ രചിച്ചിട്ടുള്ള സജീവ് പാഴൂരും കൂടി ചേരുമ്പോൾ എന്തായാലും ഒരു മികച്ച ചിത്രം തന്നെ തങ്ങൾക്കു ലഭിക്കും എന്ന പ്രതീക്ഷ എല്ലാ പ്രേക്ഷകർക്കും ഉണ്ടാകും എന്നുറപ്പാണ്. ആ പ്രതീക്ഷകളെ എല്ലാം ശെരിവെക്കുന്ന മികച്ച ഒരു ചിത്രം തന്നെയാണ് ജി പ്രജിത്- സജീവ് പാഴൂർ ടീം നമ്മുക്ക് സമ്മാനിച്ചത്. വളരെ രസകരമായ രീതിയിൽ കഥ പറയുന്ന ഒരു പക്കാ റിയലിസ്റ്റിക് എന്റെർറ്റൈനെർ ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ ചിത്രം. ഒരിക്കൽ കൂടി സജീവ് പാഴൂർ നട്ടെല്ലായി മാറിയപ്പോൾ ശ്കതിയായപ്പോൾ ജി പ്രജിത് എന്ന സംവിധായകൻ തന്റെ ബ്രില്യൻസ് കാണിച്ചു തരുന്ന മുഹൂർത്തങ്ങളും ഈ ചിത്രത്തിൽ ഒരുപാട് ഉണ്ടായിരുന്നു. രചയിതാവിന്റെയും സംവിധായകന്റെയും നിരീക്ഷണ പാടവം തന്നെയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും കഥാ സന്ദർഭങ്ങളേയും വിശ്വസനീയമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സഹായിച്ചത് എന്ന് പറയാം. പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിന്റെ കലാമൂല്യം ഒട്ടും ചോർന്നു പോകാതെ തന്നെ അതിൽ കൂട്ടിയിണക്കുന്നതിൽ അപാര മികവാണ് സംവിധായകനും രചയിതാവും കാണിച്ചത്.
ബിജു മേനോൻ എന്ന പ്രതിഭ ഒരിക്കൽ കൂടി കഥാപാത്രം ആയി വളരെ അനായാസ പ്രകടനം കാഴ്ച വെച്ചപ്പോൾ സംവൃത സുനിൽ ഗംഭീര പ്രകടനമാണ് നൽകിയത് . ഇവർ തമ്മിലുള്ള തിരശീലയിലെ രസതന്ത്രമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്ന് എടുത്തു പറഞ്ഞെ പറ്റൂ. വളരെ രസകരമായ പ്രകടനത്തിലൂടെ ഇരുവരും പ്രേക്ഷക മനസ്സ് കീഴടക്കിയപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അലെൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പാ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയ കുമാർ, ശ്രുതി രാജൻ മീനാക്ഷി, ജോണി ആന്റണി, ടിറ്റോ, ധർമജൻ, ഭഗത്, ദിനേശ് പ്രഭാകർ, സുരേഷ് കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.
ഷെഹ്നാദ് ജലാൽ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്.ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിലും അതുപോലെ ചിത്രത്തിന്റെ കഥക്കാവശ്യമായ റിയലിസ്റ്റിക് ആയ അന്തരീക്ഷം ഒരുക്കുന്നതിലും അദ്ദേഹം നൽകിയ ദൃശ്യങ്ങൾ വഹിച്ച പങ്കു വളരെ വലുതായിരുന്നു. ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ കഥാ സന്ദർഭങ്ങളോട് യോജിച്ചു നിന്നപ്പോൾ രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തെ മികച്ച വേഗതയിൽ മുന്നോട്ടു പോകുന്നതിനു സഹായിച്ചു.
ചുരുക്കി പറഞ്ഞാൽ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ ചിത്രം ഈ അടുത്ത കാലത്തു നമ്മുക്ക് മുന്നിൽ എത്തിയിട്ടുള്ള കണ്ടിട്ടുള്ള മികച്ച റിയലിസ്റ്റിക് എന്റെർറ്റൈനെറുകളിൽ ഒന്നാണ് എന്ന് പറയാം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം അതിന്റെ അവതരണത്തിലെ പുതുമ കൊണ്ടും രസിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ കൊണ്ടും പ്രേക്ഷകന്റെ മനസ്സ് കീഴടക്കും.