പൊട്ടിച്ചിരിക്കാൻ ഇനി ഒളിക്കണ്ട; ചിരിപ്പൂരം ഒരുക്കിയ ‘പാപ്പച്ചൻ’; റിവ്യൂ വായിക്കാം.

Advertisement

ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ടൈറ്റിലും രസകരമായ പോസ്റ്ററുകളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ഒരു ചിത്രമാണ് സൈജു കുറുപ്പ് നായകനായ പാപ്പച്ചൻ ഒളിവിലാണ്. നവാഗതനായ സിന്റോ സണ്ണി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, അതിന്റെ രസകരമായ ട്രൈലെർ, മികച്ച ഗാനങ്ങൾ എന്നിവയിലൂടെയും ഒരു മികച്ച എന്റെർറ്റൈനെർ കാണാമെന്ന പ്രേക്ഷക പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ പൂക്കാലം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് നൂറ് ശതമാനവും പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവർക്ക് രസകരമായ, ഏറെ പുതുമയുള്ള ഒരു സിനിമാനുഭവം സമ്മാനിക്കാനും സാധിച്ചിട്ടുണ്ട്.

ഒരു മലയോര ഗ്രാമത്തിൽ ജീവിക്കുന്ന, ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. വാ തുറന്നാൽ എല്ലാം അതിശയോക്തി ചേർത്ത് പറയുന്ന സ്വഭാവം പാപ്പച്ചന് സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ ഉണ്ട്. സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പാപ്പച്ചൻ നല്ല അസൽ തള്ള് ആണ്. നാട്ടിൽ ഒരു വില കിട്ടാനും മറ്റുള്ളവരുടെ മുന്നിൽ താൻ വലിയ സംഭവം ആണെന്ന് കാണിക്കാനും പാപ്പച്ചൻ എന്തിനും ഏതിനും തള്ളി മറിക്കും. ഈ സ്വഭാവം കാരണം അപ്പൻ മീശ മാത്തനുമായും പാപ്പച്ചൻ നല്ല ബന്ധത്തിലല്ല. ഏതായാലും ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു വെല്ലുവിളിയിൽ ജയിക്കാനായി പറഞ്ഞുണ്ടാക്കുന്ന ഒരു തള്ള് പാപ്പച്ചന് വലിയ പാരയായി വരുന്നിടത്താണ് ചിത്രം ഗതി മാറുന്നത്.

Advertisement

ഇതിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്നത് സൈജു കുറുപ്പിന്റെ പ്രകടനം തന്നെയാണ്. പാപ്പച്ചനായി സൈജു നടത്തിയിരിക്കുന്നത് തന്റെ കരിയറിലെ ഏറ്റവും രസകരമായ പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ്. ശരീര ഭാഷ കൊണ്ടും മുഖഭാവങ്ങൾ കൊണ്ടും സംസാര ശൈലി കൊണ്ടും പാപ്പച്ചനായി സൈജു തിരശീലയിൽ ജീവിച്ചു കാണിച്ചിട്ടുണ്ട്. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകി മുന്നോട്ടു പോകുന്ന ഈ ചിത്രത്തിന്, രണ്ടാം പകുതിയിൽ ചെറുതായിഒരു ത്രില്ലറിന്റെ സ്വഭാവവും കൈവരുന്നുണ്ട്. ചിരിയുടേയും ആകാംഷയുടേയും കൃത്യമായ കോർത്തിണക്കലാണ് ഇതിന്റെ തിരക്കഥയിൽ കാണാൻ സാധിക്കുക. ആ തിരക്കഥക്ക്‌ സിന്റോ സണ്ണി നൽകിയിരിക്കുന്ന ദൃശ്യ ഭാഷയും ശ്രദ്ധേയമാണ്.

വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച പരിചയമുള്ള സിന്റോ സണ്ണിക്ക്, അതുപോലെ തന്നെ തന്റെ ആദ്യ ചിത്രത്തിലൂടെയും പ്രേക്ഷകരെ ഏറെ രസിപ്പിക്കാൻ സാധിക്കുന്നുണ്ട്. കഥ പറഞ്ഞിരിക്കുന്ന ശൈലിയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയ രീതിയും അഭിനന്ദനമർഹിക്കുന്നു. അതുപോലെ തന്നെ അഭിനേതാക്കളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്നതിലും ഈ സംവിധായകൻ മികവ് പുലർത്തിയിട്ടുണ്ട്.

അഭിനേതാക്കൾ തമ്മിലുള്ള രസതന്ത്രം അതിമനോഹരമായാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സൈജു കുറുപ്പും അപ്പനായി അഭിനയിച്ച വിജയരാഘവനും ഒരുമിച്ചുള്ള സീനുകൾ, അതുപോലെ ശ്രിന്ദ, ദർശന, കോട്ടയം നസീർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരുടെ രംഗങ്ങളൊക്കെ അഭിനേതാക്കളുടെ പരസ്പരമുള്ള ഗംഭീര കൊടുക്കൽ വാങ്ങലുകൾ കൊണ്ട് സമ്പന്നമാണ്. ഇവരെ കൂടാതെ അജു വർഗീസ്, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, ജോളി ചിറയത്ത് എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

ഔസേപ്പച്ചന്റെ സംഗീതം ചിത്രത്തിലെ കഥാന്തരീക്ഷത്തോട് രസകരമായി ഇഴുകിച്ചേർന്നപ്പോൾ, രതിൻ രാധാകൃഷ്ണന്റെ എഡിറ്റിംഗ് മികവ് രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിന് മികച്ച വേഗതയാണ് സമ്മാനിച്ചത്. മലയോര ഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ ശ്രീജിത്ത് നായർ എന്ന ക്യാമറാമാൻ ഒപ്പിയെടുത്തതും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ആദ്യാവസാനം എല്ലാത്തരം പ്രേക്ഷകർക്കും ചിരിച്ചുല്ലസിച്ച് കൊണ്ട് ആസ്വദിക്കാവുന്ന ഒരു കമ്പ്ലീറ്റ് ക്ലീൻ എന്റർടൈനറാണ് പാപ്പച്ചൻ ഒളിവിലാണ്. യുവാക്കൾക്കും കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമെല്ലാം ഒരേപോലെ വിനോദം പകരാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്. അത്കൊണ്ട് തന്നെ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒരു ചിത്രം തന്നെയാണിത്.

Advertisement

Press ESC to close