
ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ, അന്നാ രാജൻ എന്നിവർ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ച സച്ചിൻ. ഏതാനും വർഷങ്ങൾക്കു മുൻപ് ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് നായർ ആണ് സച്ചിനും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ എസ് എൽ പുരം ജയസൂര്യ തിരക്കഥ രചിച്ച ഈ റൊമാന്റിക് കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത് അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ റിലീസിന് മുൻപേ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന സച്ചിൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥവികസിക്കുന്നത്. തന്നെക്കാൾ നാല് വയസ് കൂടുതലുള്ള ഒരു യുവതിയുമായി സച്ചിൻ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ സംഭവം അവന്റെ ജീവിതത്തിലും അവനു ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിനോടുള്ള ആരാധനയും ക്രിക്കറ്റ് കളിയുമെല്ലാം ഈ ചിത്രത്തിന്റെ കഥയുടെ ഭാഗമായി വരുന്നുണ്ട്.

രസകരമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് സന്തോഷ് നായർ എന്ന സംവിധായകന്റെ വിജയം. ആദ്യാവസാനം രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അകമ്പടിയായി നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ എസ് എൽ പുരം ജയസൂര്യ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനിന്ന നിലയിൽ സന്തോഷ് നായരും വിജയം കൈ വരിച്ചിട്ടുണ്ട്. റൊമാന്സും കോമെഡിയും ക്രിക്കറ്റിന്റെ ആവേശവുമെല്ലാം അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ എന്ന നടനും അന്നാ രാജൻ എന്ന നടിയും തമ്മിലുള്ള വെള്ളിത്തിരയിലെ രസതന്ത്രം മനോഹരമായിരുന്നു. ധ്യാൻ ശ്രീനിവാസൻ എന്ന നടൻ അഭിനേതാവ് എന്ന നിലയിലുള്ള തന്റെ വളർച്ച പ്രകടമാക്കിയപ്പോൾ അന്നയുടെ കഥാപാത്രവും കയ്യടി നേടി. ഇവരെ പോലെ തന്നെ അജു വർഗീസ്, ഹാരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ബാലാജി ശർമ്മ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.
നീൽ ഡികുന്ന നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ രഞ്ജൻ എബ്രഹാം തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വന്നതിനു എഡിറ്റിംഗ് മികവ് ഒരു കാരണമായിട്ടുണ്ട്. ഷാൻ റഹ്മാൻ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ ചേർന്ന് നിന്നപ്പോൾ അത് ചിത്രത്തെ കൂടുതൽ മനോഹരമാക്കി മാറ്റി.

ചുരുക്കി പറഞ്ഞാൽ, ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് സച്ചിൻ. രസകരമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം എന്റെർറ്റൈന്മെന്റും നൽകുന്ന ഒരു ഫൺ ഫിലിം എന്ന് നമ്മുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം