മികച്ച സിനിമാനുഭവങ്ങൾ നമ്മുക്ക് സമ്മാനിച്ചു കൊണ്ടാണ് പുതുമുഖങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. നവാഗതനായ നിതിൻ ദേവീദാസ് രചനയും സംവിധാനവും നിർവഹിച്ച നോ വേ ഔട്ട് എന്ന ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രം. രമേശ് പിഷാരടി നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ മികച്ച ശ്രദ്ധ നേടിയെടുത്തത് കൊണ്ട് തന്നെ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഈ ചിത്രത്തെ സമീപിച്ചതും. പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ ഈ ചിത്രം സാധൂകരിച്ചു എന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും.
രമേശ് പിഷാരടി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഗൾഫിൽ നിന്നും തിരിച്ചെത്തിയ ഡേവിഡ് തന്റെ ഭാര്യക്ക് ഒപ്പമാണ് താമസം. കല്യാണം കഴിഞ്ഞിട്ട് അധികം ആവാത്ത അവർ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനേയും കാത്തിരിക്കുകയാണ്. അങ്ങനെയിരിക്കെ തന്റെ സുഹൃത്തുമായി ചേർന്ന് വലിയ തുക ഇൻവെസ്റ്റ് ചെയ്തു ഒരു ബിസിനസിലേക്ക് ഡേവിഡ് കാലെടുത്തു വെക്കുന്നു. എന്നാൽ കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി ആഞ്ഞടിച്ചതോടെ ഉണ്ടാകുന്ന ലോക്ക് ഡൌൺ ഡേവിഡിന്റെ പ്ലാനുകൾ എല്ലാം തെറ്റിക്കുകയും, ഡേവിഡ് വലിയ കട ബാധ്യതയിൽ പെടുകയും ചെയ്യുന്നു. അതോടെ ആത്മഹത്യയുടെ വക്കിലെത്തിയ ഡേവിഡിന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ഒരു സർവൈവൽ ത്രില്ലർ ആയാണ് നോ വേ ഔട്ട് ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.
എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ തൃപ്തരാക്കുന്ന ഒരു മികച്ച ത്രില്ലറായാണ് നിതിൻ ദേവീദാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെ രചിച്ച ഗംഭീര തിരക്കഥക്കു അദ്ദേഹം തന്നെ പകർന്നു നൽകിയ ദൃശ്യ ഭാഷ മികച്ചു നിൽക്കുന്നുണ്ട് എന്ന് എടുത്തു പറഞ്ഞെ പറ്റു. ഒരു നവാഗതൻ എന്ന നിലയിൽ, നിതിൻ കഥ പറച്ചിലിൽ പുലർത്തിയ കയ്യടക്കവും അതിൽ കൊണ്ട് വന്ന വ്യത്യസ്തതയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. വളരെ മികച്ച രീതിയിൽ തന്നെ ആരംഭിച്ച കഥ പറച്ചിൽ, അവസാന ഭാഗങ്ങളിൽ എത്തിയപ്പോൾ കൂടുതൽ ആകാംഷാഭരിതമായി മാറി. രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലുമുള്ള നിതിന്റെ കഴിവ് വളരെയധികം പ്രകടമായ മുഹൂർത്തങ്ങൾ ഒരുപാട് നിറഞ്ഞ ഒരു ചിത്രമാണ് നോ വേ ഔട്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം കഥയിൽ നൽകാനും സംഭാഷണങ്ങൾ വളരെ സ്വാഭാവികമായ വിധത്തിൽ ഉപയോഗിക്കാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകനെ ഒരേപോലെ പിടിച്ചിരുത്തുന്ന ഒരു തിരക്കഥയായിരുന്നു ഈ ചിത്രത്തിന്റെ അടിത്തറ. കാരണം വളരെ തീവ്രതയോടെ അവതരിപ്പിക്കപ്പെട്ട കഥാ സന്ദർഭങ്ങൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിനൊപ്പം തന്നെ അവരുടെ മനസ്സിൽ തൊടുന്നവയുമായിരുന്നു. ചെറിയ ഒരു കഥ ആണെങ്കിലും ആ കഥയുടെ ആഴവും അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട രീതിയും അഭിനന്ദനം അർഹിക്കുന്നുണ്ട്. ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങൾ മനോഹരമായാണ് രചിച്ചതും അവതരിപ്പിച്ചിരിക്കുന്നതും. കോവിഡ് സമയത്തെ ലോക്ക് ഡൌൺ സമയത്തു, ഇതിനു സമാനമായ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടുള്ളവരാകും മഹാഭൂരിപക്ഷവും എന്നത് കൊണ്ട് തന്നെ പലർക്കും ഈ ചിത്രത്തിലെ കഥയുമായും കഥാപാത്രവുമായും കണക്ട് ചെയ്യാൻ സാധിക്കുമെന്നതും എടുത്തു പറയണം.
ഡേവിഡ് എന്ന കഥാപാത്രമായി രമേശ് പിഷാരടി നല്കിയ ഗംഭീര പ്രകടനമായിരുന്നു ഈ ചിത്രത്തിന്റെ ആത്മാവ്. മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഈ നടന് സാധിച്ചു എന്ന് യാതൊരു സംശയവുമില്ലാതെ തന്നെ പറയാം. രമേശ് പിഷാരടി അക്ഷരാർഥത്തിൽ തകർത്താടിയ കഥാപാത്രമായി മാറി ഡേവിഡ്. തന്റെ ഉള്ളിലെ നടന്റെ പുതിയ ഒരു മുഖം കൂടിയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ കാണിച്ചു തന്നത്. അതോടൊപ്പം തന്നെ മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഓരോരുത്തരും ഗംഭീരമായ പ്രകടനമാണ് നൽകിയത്. ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി, രവീണ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി. വർഗീസ് ഡേവിഡ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കിയപ്പോൾ ക്രിസ്റ്റി ജോബി തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി. അദ്ദേഹമൊരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തി. കെ ആർ മിഥുൻ എന്ന എഡിറ്റർ തന്റെ എഡിറ്റിംഗ് മികവ് പുറത്തെടുത്തപ്പോൾ ഈ ചിത്രം സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുകയും അതുപോലെ തന്നെ മികച്ച ഒഴുക്കോടെ അവസാനം വരെ മുന്നോട്ടു പോവുകയും ചെയ്തു. കെ ആർ രാഹുൽ ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയത്.
നോ വേ ഔട്ട് പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സർവൈവൽ ത്രില്ലറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുകയും ആകാംഷാഭരിതരാക്കുകയും ചെയ്യുന്ന ഈ ചിത്രം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും മികച്ചു നിൽക്കുന്ന ചിത്രമാണ്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ അവരുടെ മനസ്സിൽ തൊടാനും സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.