ബാഹുബലി താരം പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാം എന്ന ബ്രഹ്മാണ്ഡ റൊമാന്റിക് ത്രില്ലർ ആണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ഏറ്റവും വലിയ ചിത്രം. മെഗാ ബഡ്ജറ്റില് ഒരുക്കിയ ഈ റൊമാന്റിക് ചിത്രം രചിച്ചു സംവിധാനം ചെയ്തത് രാധ കൃഷ്ണ കുമാർ ആണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ വമ്പൻ പ്രഭാസ് ചിത്രങ്ങൾ വരുമ്പോൾ ഉള്ള ഹൈപ്പ് ഈ ചിത്രം സൃഷ്ടിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു പ്രണയ ചിത്രം ആയിരുന്നത് കൊണ്ടാണോ, അതോ കോവിഡ് കാരണം റിലീസ് നീണ്ടത് കൊണ്ടാണ് ഹൈപ്പ് കുറഞ്ഞത് എന്നത് വ്യക്തമല്ല. എന്നിരുന്നാലും വലിയ രീതിയിൽ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ ഈ ചിത്രത്തിന് മേൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അത് ഒരു തരത്തിൽ ഇതിനു ഗുണവും ചെയ്തിട്ടുണ്ട്.
1970 കളിൽ നടക്കുന്ന കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ലോക പ്രശസ്തനായ ഹസ്തരേഖാ ശാസ്ത്ര വിദഗ്ധനാണ് പ്രഭാസ് അവതരിപ്പിക്കുന്ന വിക്രമാദിത്യ എന്ന കഥാപാത്രം. ഇന്ത്യൻ പ്രധാന മന്ത്രി ഉൾപ്പെടെ ഉള്ളവർ, തങ്ങളുടെ ഭാവി അറിയാൻ വേണ്ടി സമീപിക്കുന്ന അത്ര പ്രശസ്തൻ. ഒരിക്കൽ പെട്ടെന്ന് ഇന്ത്യയിൽ നിന്ന് കാണാതാവുന്ന വിക്രമാദിത്യ, ഇറ്റലിയിൽ തന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങുകയാണ്. അവിടെ വെച്ചാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന ഡോക്ടർ പ്രേരണ എന്ന കഥാപാത്രത്തെ വിക്രമാദിത്യ കാണുന്നതും, തുടർന്ന് അവരുടെ ഇടയിൽ പ്രണയം മൊട്ടിടുകയും ചെയ്യുന്നത്. എന്നാൽ ഗുരുതര രോഗമുള്ള പ്രേരണക്കു ഇനി അധികകാലം ഇല്ല എന്ന് അവളുടെ ഡോക്ടർമാർ വിധി എഴുതുന്നു. പക്ഷെ വിധിയെ തോൽപ്പിച്ചു, അവൾക്കു ഒരു നീണ്ട ജീവിതം തന്നെ ലഭിക്കുമെന്ന വാക്ക് നൽകുകയാണ് വിക്രമാദിത്യ. അവിടുന്ന് അവരുടെ പ്രണയത്തിനു വേണ്ടി വിധിയുമായി പോരാടുന്ന ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
പ്രണയവും വിധിയും തമ്മിലുള്ള പോരാട്ടം പറയുന്ന ഒരു സവിശേഷമായ പ്രമേയമാണ് സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ അതിനോട് പൂർണ്ണമായും നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. തിരക്കഥയുടെ ശക്തി കുറവാണു അതിനു കാരണമായത്. ആദ്യവസാനം ചിത്രത്തിന് വലിയ വേഗത ലഭിക്കുന്നില്ല എന്നതാണ് കഥയുടെ ഒഴുക്കിനെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. സാങ്കല്പികമായ ഒരു ലോകത്തു നടക്കുന്നത് പോലെ, വളരെ മനോഹരമായ ഒരു കഥാ പശ്ചാത്തലം സൃഷ്ടിക്കാൻ രാധാകൃഷ്ണ കുമാർ എന്ന സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ രംഗങ്ങൾ അതിമനോഹരവും ബ്രഹ്‌മാണ്ഡവുമായിരുന്നു. എന്നാൽ അതിനെ പിന്തുണക്കാൻ ശക്തിയുള്ള ഒരു തിരക്കഥ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ് സത്യം. റൊമാന്റിക് രംഗങ്ങൾ മനോഹരമായി ഒരുക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു പോസിറ്റീവ് ആണ്. വൈകാരിക രംഗങ്ങൾക്ക് പൂർണമായും പ്രേക്ഷകന്റെ മനസ്സിനെ തൊടാന് കഴിയുന്നില്ല എന്നത് ഒരു പ്രശ്നമായി നിൽക്കുമ്പോഴും, ഒരു ബ്രഹ്മാണ്ഡ പ്രണയ കഥ എന്ന നിലക്ക് ഒരു ദൃശ്യാനുഭവം പ്രേക്ഷകന് നല്കാൻ ഇതിനു സാധിക്കുന്നുണ്ട്.
വിക്രമാദിത്യ ആയി പ്രഭാസ്, പ്രേരണ ആയി പൂജ എന്നിവർ മികച്ച പ്രകടനമാണ് നൽകിയത്. ഇവരുടെ വെള്ളിത്തിരയിലെ രസതന്ത്രം മനോഹരമായിരുന്നു. തിരക്കഥയിൽ ആത്മാവ് ഇല്ലെങ്കിലും ഇവരുടെ പ്രകടനമാണ് ഈ ചിത്രത്തിന് ഒരാത്മാവ് പകര്ന്നു നൽകിയത് എന്ന് പറയാം. ഇവരെ കൂടാതെ ഭാഗ്യശ്രീ, കൃഷ്ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിന്‍ ഖേദേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, മലയാള താരം ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. പക്ഷെ ആര്ക്കും വലുതായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തമ്മിൽ ഭേദമായി നിന്നതു മുരളി ശർമ്മ, സച്ചിൻ എന്നിവരാണ്. ജസ്റ്റിൻ പ്രഭാകരൻ ഒരു ഗാനങ്ങൾ നിലവാരം പുലർത്തിയപ്പോൾ, എസ് തമന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് ഗുണമായി വന്നു. ഏറ്റവും മനോഹരമായി നിന്നതു മനോജ് പരമഹംസ ഒരുക്കിയ ദൃശ്യങ്ങൾ തന്നെയാണ്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ. കുറച്ചു കൂടി മികച്ച ഔട്ട് ഔട്ട്പുട്ട് അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നു എങ്കിൽ, ചിത്രത്തിന് അല്പം കൂടി വേഗത കൈവരുമായിരുന്നു എന്നതാണ് സത്യം.
ചുരുക്കി പറഞ്ഞാൽ, ദൃശ്യങ്ങൾ കൊണ്ട് ഒരു മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രമാണ് രാധേ ശ്യാം. എന്നാൽ ചിത്രത്തിന്റെ കഥക്കും കഥാ പശ്‌ചാത്തലത്തിനും ഉണ്ടായിരുന്ന സ്കോപ് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയാതെ പോയ ഒരു ചിത്രം കൂടിയാണ് രാധേ ശ്യാം. ഗംഭീര ദൃശ്യങ്ങൾ നിറഞ്ഞ ഒരു പ്രണയ കഥ കാണാൻ ഇഷ്ടമുള്ള പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താൻ രാധേ ശ്യാമിന് കഴിയും എന്നുറപ്പാണ്. എന്നാൽ മറ്റുള്ള പ്രേക്ഷകർക്ക് , പ്രതീക്ഷകൾ ഇറക്കി വെച്ച് കണ്ടു നോക്കിയാൽ, ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ശരാശരി അനുഭവം മാത്രമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സമ്മാനിക്കുന്നത്.