ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശനമാരംഭിച്ച പുതിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് സംവിധയകൻ കണ്ണൻ താമരക്കുളം ഒരുക്കിയ പട്ടാഭിരാമൻ. ദിനേശ് പള്ളത്തു രചന നിർവഹിച്ച ഈ ചിത്രത്തിൽ ജയറാം,മിയ, ഷീലു എബ്രഹാം, ജയപ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി ത്രില്ലറാണ് . ഇതിന്റെ ട്രെയ്‌ലറും ഗാനങ്ങളും എല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വളരെ സത്യസന്ധനായ, തന്റെ ജോലിയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടറായാണ് ജയറാം ഈ ചിത്രത്തിൽ എത്തുന്നത്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന അവിവിഹതനായ പട്ടാഭിരാമൻ അവിടെ വെച്ച് അദ്ദേഹം ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതെങ്ങനെ അദ്ദേഹം പരിഹരിക്കുന്നു എന്നതും സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധയകനായ കണ്ണൻ താമരക്കുളം.
തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ്, എന്നീ ജയറാം ചിത്രങ്ങൾ സംവിധാനം കണ്ണൻ താമരക്കുളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് പട്ടാഭിരാമൻ എന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഒരു പക്കാ ത്രില്ലർ പോലെയാണ് പട്ടാഭിരാമൻ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് ഈ ചിത്രം വ്യത്യസ്തത പുലർത്തുന്നത് ഇതിന്റെ കഥയുടെ പ്രസകതി തന്നെയാണ്. ഭക്ഷണത്തിൽ മായം കലർത്തി നമ്മുടെ സമൂഹത്തെ തന്നെ രോഗഗ്രസ്തരാക്കുന്ന
പ്രവണതക്കെതിരെ സംസാരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്.
ദിനേശ് പള്ളത്തു എന്ന രചയിതാവ് ഒരുക്കിയ തിരക്കഥയിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും അദ്ദേഹം കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്. പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ തിരക്കഥയുടെ മികവു ഒരു തരി പോലും നഷ്ടപ്പെടാതെ തന്നെ അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കണ്ണൻ താമരക്കുളം എന്ന സംവിധായകന് കഴിഞ്ഞു. തന്റെ മുൻകാല ചിത്രങ്ങളിൽ ചെയ്തതിനേക്കാൾ മികച്ച കയ്യടക്കത്തോടെ കഥ പറയാൻ ഈ സംവിധായകന് പട്ടാഭിരാമനിലൂടെ സാധിച്ചിട്ടുണ്ട്. കോമെടിയും റൊമാന്സും ആവേശവും സസ്‌പെൻസും ആക്ഷനും എല്ലാം ഉൾപ്പെടുത്തിയ ഒരു ക്ലീൻ എന്റെർറ്റൈനെർ ആയാണ് പട്ടാഭിരാമൻ അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബ പ്രേക്ഷകരുടെ മനസുകളിലേക്കു ശ്കതമായ തിരിച്ചു വരവാണ് ജയറാം എന്ന നടൻ ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. മാസ്സ് രംഗങ്ങളിലും കോമഡി രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമെല്ലാം ഒരിക്കൽ കൂടി ജയറാം തിളങ്ങിയപ്പോൾ ഈ അടുത്തിടെ ജയറാമെന്ന നടനിൽനിന്ന് ലഭിച്ച ഏറ്റവും മികച്ച എന്റെർറ്റൈനെർ ആയി പട്ടാഭിരാമൻ മാറി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ഷീലു എബ്രഹാം തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രശംസയേറ്റു വാങ്ങിയപ്പോൾ ,മിയ ,അനുമോൾ ,പാർവതി ,മാധുരി എന്നിവർ തങ്ങളുടെ വേഷത്തോട് നീതി പുലർത്തി.
എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് ബൈജു സന്തോഷ് ആണ്. വളരെയധികം വിശ്വസനീയമായ രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബൈജുവിന് കഴിഞ്ഞു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ എന്നിവരും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് തങ്ങളുടെ ഭാഗം തൃപ്തികരമാക്കി. പ്രേം കുമാർ, ജയപ്രകാശ്, നന്ദു, കലാഭവൻ പ്രചോദ്, ജയൻ ചേർത്തല , രമേശ് പിഷാരടി, ജനാർദ്ദനൻ, സുധീർ കരമന, ഷൈജു എന്നിവരും വേഷങ്ങൾ ഭംഗിയാക്കി.
രവി ചന്ദ്രൻ ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. അദ്ദേഹമൊരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം മുകളിലെത്തിച്ചിട്ടുണ്ട് എന്ന് പറയാം. സംഗീത വിഭാഗം കൈകാര്യം ചെയ്ത എം ജയചന്ദ്രന്റെ മികവും ചിത്രത്തിന്റെ കഥ പറച്ചിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായ വേഗത നൽകുന്നതിൽ രഞ്ജിത് കെ ആർ നിർവഹിച്ച എഡിറ്റിംഗും ഒരുപാട് സഹായിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതിനും ത്രില്ലടിപ്പിക്കുന്നതിനും ഒപ്പം അവരെ ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന പ്രസക്തിയുള്ള ഒരു വിഷയവും കൂടി കൈകാര്യം ചെയുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ചിത്രമാണ് പട്ടാഭിരാമൻ